എസ്‌ഐആറിനെതിരായ വാദിക്കാന്‍ നാലരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും അഭിഭാഷക കുപ്പായമണിഞ്ഞ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിംകോടതിയില്‍. തനിക്ക് വാദിക്കാന്‍ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാര്‍ട്ടിക്ക് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതിക്ക് മമത ബാനര്‍ജി നന്ദി പറഞ്ഞു.
|
വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100ലധികം പേര്‍ എസ്‌ഐആറിനെതുടര്‍ന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ശത്രുതാ മനോഭാവമാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് മമത ചൂണ്ടിക്കാട്ടി. ഹരജിയില്‍ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദ വാദം നടക്കും.
അരനൂറ്റാണ്ട് മുമ്പാണ് മമതാ ബാനര്‍ജി കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളജില്‍ നിന്ന്് നിയമ ബിരുദം നേടിയത്. നിയമ ബിരുദം നേടിയ ശേഷം അവര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തിരുന്നു. പിന്നീട് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറുകയും ചെയ്തതോടെ ആണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്.
കൊല്‍ക്കത്തയിലെ ജോഗാമയ ദേവി കോളേജില്‍ നിന്ന് ഹിസ്റ്ററി ബിരുദം, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം, ശ്രീ ശിക്ഷായതന്‍ കോളേജില്‍ നിന്ന് ബി എഡ് എന്നിവയും മമതയ്ക്കുണ്ട്. അഭിഭാഷകയായി ജീവിതം തുടങ്ങിയ മമത കോടതിയില്‍ വാദിക്കുന്നത് നാലര പതിറ്റാണ്ടിനു ശേഷമാണ്.
ALSO READ: മൃതദേഹങ്ങളില്‍ നിന്നെടുത്ത കൊഴുപ്പ് സ്ത്രീകളില്‍ സൗന്ദര്യവര്‍ധനവിനായി കുത്തിവയ്ക്കുന്നു





