കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം വല്യേട്ടൻ വീണ്ടും റിലീസിനൊരുങ്ങുന്നു. 25 വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്ത്തകര് അറിയിച്ചു. മാറ്റിനി നൗ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഈ മാസം തന്നെ സിനിമ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.
|
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ. 2000തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, മോഹൻലാൽ നായകനായ നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടനൻ.
അമ്പലക്കര ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചന നരസിംഹത്തിന് രചന നിര്‍വ്വഹിച്ച രഞ്ജിത്ത് തന്നെയായിരുന്നു. മോഹൻലാൽ ചിത്രം സ്‌ഫടികം 4Kയിൽ ഇറക്കി ഹിറ്റായത് കണ്ടപ്പോൾ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും, സിനിമ കാണാൻ തിയേറ്ററിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കെല്ലാം 4Kയിൽ അത് കണ്ടപ്പോൾ ഇഷ്ടമായെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു അമ്പലക്കര പറഞ്ഞു.
ശോഭന നായികയായ ചിത്രത്തില്‍ സായ് കുമാര്‍, എന്‍ എഫ് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്‍റ്, കലാഭവന്‍ മണി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ് – എൽ ഭൂമിനാഥൻ.