05
Dec 2024
Wed
05 Dec 2024 Wed
Man arrested for killing auto driver by hit him with jeep in Kalpetta

വയനാട് കല്‍പ്പറ്റയില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് വ്യക്തമായി. ഓട്ടോയിലേക്ക് ജീപ്പിടിച്ചുകയറ്റിയ സുമില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച കാപ്പുംകുന്ന് അബ്ദുല്‍ നവാസിന്റെ ബന്ധുക്കളാണ് അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുള്ള സംശയം പോലീസ് മുമ്പാകെ ഉന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടം നടന്ന റോഡിനു നല്ല വീതിയുണ്ടായിരുന്നുവെന്നതും ഈ സമയം സുമില്‍ഷാദ് ഇതുവഴി കടന്നുവരേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും ഓട്ടോറിക്ഷ വരുന്നതിനായി ഏറെസമയം കാത്തുനില്‍ക്കുകയും ഫോണ്‍കോള്‍ വന്നതിനു പിന്നാലെ ജീപ്പെടുത്തുപോയ ശേഷം ഓട്ടോറിക്ഷയില്‍ വാഹനം ഇടിച്ചുകയറ്റിയതുമടക്കമുള്ള തെളിവുകളാണ് കൊലപാതകത്തിന് തുമ്പായത്.

അപകടം നടക്കുന്നതിനു മുന്‍പ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിര്‍ത്തിയിട്ട് സുമില്‍ഷാദ് കാത്തു നിന്നതും മൊബൈല്‍ ഫോണ്‍ റിങ് ചെയ്തപ്പോള്‍ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പരിക്കേറ്റ അബ്ദുല്‍ നവാസിനെ ആശുപത്രിയില്‍ എത്തിക്കാനും സുമില്‍ഷാദ് ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോഴും സുമില്‍ഷാദ് ഇടപെട്ടിരുന്നില്ല.

ചുണ്ടേല്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണ് സുമില്‍ഷാദും കുടുംബവും. ഈ ഹോട്ടലിനു മുന്നില്‍ അബ്ദുല്‍ നവാസിനു പലചരക്ക് കടയുണ്ട്. നവംബര്‍ 30ന് ഹോട്ടലിനു മുന്നില്‍ നിന്ന് വാഴയിലയില്‍ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇതുകൊണ്ടുവന്നു വച്ചത് നവാസ് ആണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ പകയിലാണ് താന്‍ അനുജന്‍ അജിന്റെ സഹായത്തോടെ നവാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോടു വെളിപ്പെടുത്തി. അബ്ദുല്‍ നവാസിനെ അപായപ്പെടുത്തിയ ആസൂത്രിത നീക്കത്തില്‍ സുമില്‍ഷാദിനും പരിക്കേറ്റിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇയാളെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക