22
Jan 2023
Sat
22 Jan 2023 Sat

തിരുവനന്തപുരം∙ തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്നും മാനസികവിഭ്രാന്തിയുണ്ടെന്ന് ആരോപിച്ച് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ അടയ്ക്കുകയും ചെയ്തുവെന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10ന് പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചറിയിച്ച ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.

തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഇവർ ഗർഭിണിയായിരിക്കെ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അമൽജിത്ത് തടയുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.

ഈ സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് അമൽജിത്ത് 49 ദിവസമാണ് ജയിലിൽ കിടന്നത്. ഇതിനു ശേഷമാണ് മാനസികവിഭ്രാന്തിയുണ്ടെന്നു കാണിച്ച് 15 ദിവസത്തോളം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അടച്ചത്.

സംഘർഷമുണ്ടാക്കിയ ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നുമാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അമൽജിത്ത് പറഞ്ഞത്. ഈ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്.