13
Aug 2022
Fri
13 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കിന്റെ താക്കോലിനെച്ചൊല്ലിയുള്ള തർക്കത്തിൽ പിതാവ് മകന്റെ കൈ കോടാലി കൊണ്ട് വെട്ടിമാറ്റി. തുടർന്ന് 21കാരനായ മകൻ രക്തം വാർന്ന് മരിച്ചു. കഴിഞ്ഞദിവസം മധ്യപ്രദേശിലെ ദാമോ ജില്ലയിലെ പതാരിയ പ്രദേശത്തെ ബോബായ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സന്തോഷ് പട്ടേൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

 

സംഭവത്തിൽ യുവാവിന്റെ അച്ഛൻ മോത്തി പട്ടേലിനെ (51)യും സഹോദരൻ രാം കിസാനെയും (24) പൊലീസ് അറസ്റ്റ് ചെയ്തു. മോത്തി പട്ടേലും മൂത്ത മകൻ രാം കിസാനും ഒരിടംവരെ പോവാൻ സന്തോഷ് പട്ടേലിനോട് ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് താക്കോൽ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവ്കുമാർ സിങ് പറഞ്ഞു.

 

തർക്കം രൂക്ഷമായതോടെ മോത്തിയും രാം കിസാനും യുവാവിനെ ആക്രമിച്ചു. മോത്തി സന്തോഷിന്റെ ഇടതുകൈ മരത്തടിയിൽ വച്ച് കോടാലി കൊണ്ട് വെട്ടി മാറ്റിയ ശേഷം ആയുധവും മകന്റെ അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി. സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസ് സംഘം സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.

 

എന്നാൽ വിദ​ഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രക്തം വാർന്ന് സന്തോഷ് മരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായും സംഭവത്തിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക