രാത്രി വൈകി വീട്ടിലെത്തിയതിനാൽ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പൈപ്പ്ലൈനിലൂടെ പിടിച്ചു വീടിൻ്റെ മുകൾ നിലയിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. ചെന്നൈയിലെ ജൊലാര്‍പേട്ടിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന തെന്നരശു(30) ആണ് മരിച്ചത്.
|
രാത്രി വൈകിയെത്തിയ ഇയാൾ കോളിങ് ബെൽ പ്രവർത്തിക്കാത്തതിനാൽ ഭാര്യ പുനിതയെ പലതവണ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. പിന്നീട് പൈപ്പ്ലൈനിലൂടെ വീടിന്റെ മൂന്നാം നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഭാര്യ വീടിന് പുറത്തേക്ക് നോക്കിയപ്പോഴാണ് വീണു കിടക്കുന്ന ഭർത്താവിനെ കണ്ടത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സിആർപിസി സെക്ഷൻ 174 പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം ഭാര്യയും രണ്ട് സുഹൃത്തുക്കളും ചേർന്ന് തെന്നരശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകി. യുവാവിന്റെ ബന്ധുക്കൾ ചേർന്ന് പൊലീസ് സ്റ്റേഷനു മുന്നിലുളള റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.



