22
Jan 2023
Fri
22 Jan 2023 Fri

സംശയരോഗം കാരണം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവ്. ചെന്നീർക്കര പ്രക്കാനം വല്യവട്ടം തുണ്ടിയിൽ വീട്ടിൽ രതീഷിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി പി പി പൂജ ശിക്ഷിച്ചത്. തടവിനു പുറമേ പ്രതി 5 ലക്ഷം രൂപ പിഴയും കെട്ടണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 ജനുവരി 13 ന് വൈകിട്ട് 6.50നാണ് പ്രതി ഭാര്യ രഞ്ജുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ഓമല്ലൂർ ചന്തയ്ക്ക് സമീപമുള്ള അക്ഷയസെന്ററിലെ ജീവനക്കാരിയായിരുന്ന രഞ്ജുവിന്റെ മുഖത്ത് പ്രക്കാനം ജങ്ഷനിൽ വച്ചാണ് രതീഷ് ആസിഡ് ഒഴിച്ചത്.

ഹോട്ടൽ ജോലിക്കാരനായിരുന്ന ഇയാളുടെ സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ യുവതിയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു രഞ്ജുവിന് ചികിൽസ നൽകിയത്. എസ് ഐ സുമിത് ജോസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.