കാലിൽ കൊത്തിയ മൂർഖൻ പാമ്പിനെ പിടികൂടി കടിച്ചുകൊന്ന് യുവാവ് പ്രതികാരംവീട്ടി. ഒഡീഷയിലെ ദരാദ ഗ്രാമത്തിലാണ് സംഭവം. സലിൽ നായക് എന്നയാളാണ് മൂർഖൻ പാമ്പിനെ കടിച്ചുകൊന്നത്. കടിച്ചുകൊന്ന മൂർഖൻ പാമ്പിനെ കഴുത്തിലണിഞ്ഞ് യുവാവ് പ്രദർശിപ്പിക്കുകയും ചെയ്തു.
|
പ്രളയത്തിൽ മുങ്ങിയ കൃഷിയിടം പരിശോധിക്കാനായി പോവുമ്പോഴാണ് സലിലിനെ പാമ്പ് കൊത്തിയത്. ഇടതുകാലിന്റെ പത്തിയിലായിരുന്നു യുവാവിന് കടിയേറ്റത്. ഇതോടെ സലിൽ പ്രദേശം തിരഞ്ഞ് മൂർഖൻ പാമ്പിനെ കണ്ടെത്തി. പിടികൂടിയ പാമ്പ് ചാകുന്നതുവരെ സലിൽ ഇതിനെ കടിക്കുകയായിരുന്നു.
ഇതിനു ശേഷം ചത്ത പാമ്പിനെ കഴുത്തിലണിഞ്ഞ് സലിൽ മാർക്കറ്റിലെത്തി. വിവരമറിഞ്ഞ നാട്ടുകാർ ഇയാളോട് ആശുപത്രിയിൽ പോവാൻ നിർദേശിച്ചു. എന്നാൽ താൻ പാമ്പിൻ വിഷം തനിയെ കളഞ്ഞതായി യുവാവ് അവകാശപ്പെട്ടു.
വിവരമറിഞ്ഞ വനംവകുപ്പ് മേലിൽ ഇത്തരം ചെയ്തി ആവർത്തിക്കരുതെന്ന് സലിലിന് താക്കീത് നൽകി. സലിൽ ആരോഗ്യവാനാണെന്നും എന്നാൽ മാനസികനില ശരിയല്ലെന്നാണ് മനസ്സിലാകുന്നതെന്നും ജില്ലാ വനംവകുപ്പ് ഓഫിസറായ ആയുഷ് ജെയിൻ പറഞ്ഞു.



