22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് 19കാരനെ ഫാക്ടറി തൊഴിലാളികൾ മർദിച്ചുകൊന്നു. ഇസ്ഹാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ക്രൂരമർദനവും ബെൽറ്റ് കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും അടിയും ഏറ്റതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ യുവാവ് അധികം താമസിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

വടക്കൻ ഡൽഹിയിലെ സാരായ് റോഹില്ല പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മുഖ്യപ്രതിയായ ​ഗ്യാനി എന്ന 36കാരനെ അറസ്റ്റ് ചെയ്തതായും ഇയാൾ ഇസ്ഹാറിന്റെ മുടി മുറിച്ചതായും പൊലീസ് അറിയിച്ചു.

 

ഷഹ്സാദ ബാ​ഗിൽ ഒരു മൃതദേഹം കിടക്കുന്നതായി വടക്കൻ ഡൽഹി ഡിസിപി സാ​ഗർ സിങ് കൽസിക്ക് വിവരം കിട്ടുകയും പൊലീസ് സംഘം അവിടെയെത്തുകയുമായിരുന്നു. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. മുറിച്ച മുടി ചുറ്റും ചിതറിക്കിടന്നിരുന്നു.

 

അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലോടെ ഇസ്ഹാർ ഫാക്ടറിയിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചതായും ഗ്യാനി പിടികൂടിയതായും ഡിസിപി പറഞ്ഞു.

 

തുടർന്ന് ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഗ്യാനിയും മറ്റുള്ളവരും ചേർന്ന് ഇസ്ഹാറിനെ മുഷ്ടി, പ്ലാസ്റ്റിക് പൈപ്പുകൾ, ബെൽറ്റുകൾ എന്നിവ ഉപയോഗിച്ച് മർദിച്ചതായും ഇതോടെ യുവാവ് മരിക്കുകയായിരുന്നെന്നും ഡിസിപി വ്യക്തമാക്കി.

 

ചോദ്യം ചെയ്യലിൽ, താനും മറ്റ് തൊഴിലാളികളും ചേർന്ന് ഇസ്ഹാറിനെ നിഷ്കരുണം മർദിച്ചതായും അവനെ ഒരു പാഠം പഠിപ്പിക്കാൻ മുടി മുറിച്ചതായും ഗ്യാനി വെളിപ്പെടുത്തി. തുടർന്ന് കത്രിക ഫാക്ടറിയിൽ ഒളിപ്പിച്ചതായി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കേസിൽ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

സംഭവത്തിൽ, ഐപിസി 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കുക), 34 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

അതേസമയം, ഫാക്ടറി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട ഇസ്ഹാറിനെതിരെയും പൊലീസ് കേസെടുത്തു. ഐപിസി 380 (മോഷണം), 457 (വീട്ടിൽ അതിക്രമിച്ച് കടക്കൽ), 411 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇസ്ഹാറിനെതിരെ കേസെടുത്തത്.