മംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കില്‍ തള്ളി. മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. മാള്‍ഡ ജില്ലയില്‍ രതുവ പറംപൂര്‍ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകന്‍ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്.
|
സംഭവത്തില്‍ സുഹൃത്ത്, ലക്ഷ്മണ്‍ മണ്ഡല്‍ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹന്‍ എസ്റ്റേറ്റ് എന്ന ലേഔട്ടില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു മുകേഷ്.
ജൂണ്‍ 24ന് രാത്രി ഒമ്പത് മണിയോടെയാണ് മുകേഷിനെ കാണാതായതായി പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ രണ്ടിന് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാള്‍ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്ടിപി (സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) ടാങ്കില്‍നിന്ന് കണ്ടെത്തി.
പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വിഡിയോകള്‍ മുകേഷ് തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ലക്ഷ്മണ്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് മുകേഷിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കില്‍ ഉപേക്ഷിച്ചു.


