
കണ്ണൂർ : മലയാള സാഹിത്യത്തിലെ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് മൂന്നു പതിറ്റാണ്ടു തികയുന്നവേളയില്‍ മഹാപ്രതിഭയുമായി അഭിമുഖം നടത്താനായ അഭിമാനമുഹൂര്‍ത്തം ഓര്‍ത്തെടുക്കുന്നവരുടെ പ്രതിനിധികളില്‍ ഒരാളായി എഴുത്തുകാരനായ കണ്ണൂർ ജില്ലയിലെ മനോഹരന്‍ വെങ്ങരയുമുണ്ട്.
1984 ഓഗസ്റ്റ് 10-ാം തീയതിയാണ് അസുലഭ മുഹൂര്‍ത്തത്തിന് അവസരം ഒരുങ്ങിയത്.
ആ വര്‍ഷത്തെ നൊബേല്‍ സമ്മാനം മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിനാണെന്ന ശ്രുതി പരന്നിരിക്കുന്ന സമയംകൂടിയായിരുന്നു അത്.
![]() |
|
ഭാര്‍ഗവി നിലയം, ബാല്യകാല സഖി, മുച്ചീട്ടു കളിക്കാരന്റെ മകള്‍, പ്രേമലേഖനം തുടങ്ങിയ ബഷീര്‍ കൃതികള്‍ അതിനിടയില്‍ ചലച്ചിത്രഭാഷ്യമായി രൂപംകൊള്ളുകയും ചെയ്തിരുന്നു.
അന്ന് ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു എഴുത്തുകാരന്‍ കൂടിയായ മനോഹരന്‍ വെങ്ങര. ഈയൊരു പശ്ചാത്തലത്തിലാണ് സിനിമാസംബന്ധിയായൊരു അഭിമുഖം ലഭ്യമിട്ട് വൈക്കം മുഹമ്മദ് ബഷീറുമായുള്ള മനോഹരന്‍ വെങ്ങരയുടെ കൂടിക്കാഴ്ച നടക്കുന്നത്.
ഒരുരാത്രിയും, പിറ്റേന്നു പകലുമായി ആയിരുന്നു അഭിമുഖം പൂര്‍ത്തീകരിച്ചത്.
സിനിമാ സംബന്ധിയായ അഭിമുഖത്തിനിടെയാണ് നൊബേല്‍ സമ്മാന പുരസ്കാരവുമായി ബന്ധപ്പെട്ട ശ്രുതിയിലേക്ക് പ്രത്യേക ശ്രദ്ധക്ഷണിക്കുന്നത്. അതൊരു നല്ല ചോദ്യമാണല്ലോ, എന്ന ആമുഖത്തോടെ ബഷീര്‍ അന്നു ഹാസ്യാത്മകമായി പറഞ്ഞ മറുപടി ഇങ്ങനെഃ
”അതെന്നെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ പ്രസിഡന്റാക്കാന്‍ പോകുന്നു എന്നു കേട്ടതുമാതിരിയുള്ളൊരു വാര്‍ത്തയാണ്. സംഭവം ഭൂഗോളം. കാക്കത്തൊള്ളായിരം ഭാഷകളും എഴുത്തുകാരും ഇവിടെയുണ്ട്. ഈ നൊബേല്‍ പ്രൈസിന്റെ പിന്നില്‍ ഒരുപാട് ലക്ഷം രൂപേം കാണും; നല്ല സ്റ്റൈലന്‍ സ്റ്റീലിന്റെ കൊളുത്തുകളും. പിന്നെ, യോഗ്യതയെപ്പറ്റി പറയുകയാണെങ്കില്‍ എന്നെക്കാള്‍ ആയിരം മടങ്ങ് യോഗ്യതയുള്ളവര്‍ ഇവിടെയുണ്ട്.
എനിക്ക് കിട്ടാന്‍ യാതൊരു ചാന്‍സുമില്ല. കിട്ടുകയുമില്ല. കിട്ടണമെന്ന് ആഗ്രഹവുമില്ല.
എന്നെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ പ്രസിഡന്റ് ആക്കുകയില്ലല്ലോ ? അതുപോലെ വിചാരിച്ചാല്‍ മതി ഈ നൊബേല്‍ പ്രൈസ് വാര്‍ത്തയും…”
ഈരീതിയില്‍ നൊബേല്‍ സമ്മാന ശ്രുതിയുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതികരണം സമ്പാദിക്കാനായ ഏക മാധ്യമപ്രവര്‍ത്തകനും മനോഹരന്‍ വെങ്ങരയായി മാറുകയായിരുന്നു. സിനിമകളെക്കുറിച്ചും ബഷീര്‍ മനോഹരന്‍ വെങ്ങരയുമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയുണ്ടായി.
”സിനിമ ഇന്ന് പൊതുവേ നന്നല്ല. പിടിച്ചുപറി, പെണ്ണിനെ തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, കുളിസീന്‍ എന്നിവയാണ് സിനിമ നിറയെ.” പതിനഞ്ചു വര്‍ഷത്തോളം ചലച്ചിത്ര പത്രപ്രവര്‍ത്തനായി പ്രവര്‍ത്തിച്ച മനോഹരന്‍ വെങ്ങരയെ പ്രശംസിച്ച് എഴുതിയ മഹാപ്രതിഭകളില്‍ പത്മഭൂഷണ്‍ പ്രേംനസീറും ഉള്‍പ്പെട്ടിരുന്നു.
സ്വന്തമായി എഴുതിയ ലേഖനത്തിലൂടെയായിരുന്നു മനോഹരന്‍ വെങ്ങര അടക്കമുള്ള അഞ്ചുപേരെ പ്രത്യേകം പേരെടുത്തു പറഞ്ഞ് പ്രേംനസീര്‍ പ്രശംസിച്ചത്. വെങ്ങരയിലെ സാഹിത്യപ്രതിഭകളുടെ മുന്‍നിരയിലുള്ള ഒരാള്‍ക്കൂടിയായ മനോഹരന്‍ വെങ്ങരയുടെ അരനൂറ്റാണ്ടിനിടെ ആയിരത്തോളം സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. അഞ്ചു പുസ്തകങ്ങളുടെ രചയിതാവാണ്. നിലവില്‍ സമയം പബ്ലിക്കേഷന്‍സിന്റെ അസോസിയേറ്റ് എഡിറ്റര്‍ ആണ്.