|
തിരുവനന്തപുരം: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ. പെൺകുട്ടികളും വീട്ടമ്മമാരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും അടക്കം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ദൃശ്യങ്ങളും സംഭാഷണങ്ങളും കാട്ടി ഇയാൾ വിലപേശിയിട്ടുണ്ടോ എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നുമൊക്കെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് വിനീത് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതിനോടകം നിരവധി പെൺകുട്ടികളും വീട്ടമ്മമാരും വിനീതിന്‍റെ വലയിൽ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ വീട്ടമ്മമാരെയും മറ്റും വലയിൽ വീഴ്ത്തുന്നത്. നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ.
ഇൻസ്റ്റഗ്രാം റീൽസിൽ വീഡിയോകൾ എങ്ങനെ മെച്ചപ്പെടുത്താം, ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപ്സ് നൽകി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ് ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. തുടർന്നാണ് ഇത് മുതലാക്കി ചൂഷണം. ഇൻസ്റ്റഗ്രാം റീൽസിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യാനായി ഉപയോഗിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നിലവിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ ദിവസം കിളിമാനൂരിലെ ബാറിൽ നിന്നാണ് വിനീത് അറസ്റ്റിലായത്.
നേരത്തെ പൊലീസിലായിരുന്നെന്നും ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചെന്നായിരുന്നു അവകാശവാദം. എന്നാൽ ഇയാൾക്ക് ഒരു ജോലിയുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വിനീത് ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഇയാളുടെ റീൽസുകൾക്ക് നല്ല കാഴ്ചക്കാരുണ്ട്. നിരവധി ഫോളോവേഴ്സും കാഴ്ചക്കാരും ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും വലയിൽ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.
അതേസമയം, ഇയാൾക്കെതിരെ കന്‍റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.



