02
Aug 2023
Tue
02 Aug 2023 Tue

ഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കി ചൈന. ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈന പ്രകോപനവുമായി എത്തുന്നത്. ഇന്നലെയാണ് ഭൂപടം പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരുണാചല്‍ ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശും ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയില്‍ നടന്ന സര്‍വേയിംഗ് ആന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും നാഷണല്‍ മാപ്പിംഗ് അവയര്‍നസ് പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് ഭൂപടം പുറത്തിറക്കിയതെന്ന് ചൈന ഡെയ്ലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്.

ബ്രിക്‌സ് ഉച്ചകോടി ചര്‍ച്ചാ വിവാദത്തിന് പിന്നാലെയാണ് പ്രകോപനം. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തിയത്. അനൗപചാരികമായ ചര്‍ച്ചയാണ് നടന്നതെന്ന് പിന്നീട് അറിയിച്ചിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ ചൈന സേനകള്‍ക്കിടയില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു.

പിന്നീട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ചര്‍ച്ച നടന്നത് എന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് പൊതുതാത്പര്യങ്ങള്‍ നിറവേറ്റുമെന്നും അത് ലോകത്തിന്റെയും മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകരമാണെന്നും മോദിയുമായുള്ള സംഭാഷണത്തില്‍ ഷി ജിന്‍ പിങ്ങ് പറഞ്ഞതായും പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നു.

ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ- ചൈന ചര്‍ച്ചയില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. ചര്‍ച്ചക്കായി അഭ്യര്‍ത്ഥന നടത്തിയത് ഇന്ത്യയാണെന്ന് ചൈന പറഞ്ഞത് നിഷേധിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഉഭയകക്ഷി ചര്‍ച്ചക്കായി ചൈനയുടെ അഭ്യര്‍ത്ഥന നേരത്തേ നിലവിലുണ്ടായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.