കൊച്ചി: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സിനഡിലെ മെത്രാന്മാർക്കൊപ്പം വിവിധ രൂപതകളിൽനിന്നുള്ള അൽമായ, സമർപ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു.
|
സീറോമലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികനായിരുന്നു. മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ മെത്രാൻ സിനഡ് തെരഞ്ഞെടുത്തതിനുള്ള അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ നൽകിയ കത്ത് സീറോ മലബാർ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. തുടർന്ന് സ്ഥാനാരോഹണ കർമങ്ങൾക്ക് തുടക്കമായി. ആദ്യം നിയുക്ത മേജർ ആർച്ച്ബിഷപ്പ് വിശ്വാസപ്രഖ്യാപനം നടത്തി. പ്രത്യേക പ്രാർഥനയ്ക്കു ശേഷം കാർമികൻ മേജർ ആർച്ച്ബിഷപ്പിനെ ചുവന്ന മുടി ധരിപ്പിക്കുകയും അംശവടി നൽകുകയും ചെയ്തു.
പിന്നീട് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലേക്ക് ആനയിച്ച് ഇരുത്തി. കീർത്തനാലാപനത്തിനു ശേഷം മേജർ ആർച്ച്ബിഷപ് സ്ഥാനാരോഹണ കർമത്തിൻറെ സമാപനാശീർവാദം നൽകി. മേജർ ആർച്ച്ബിഷപ് എമരിത്തൂസ് മാർ ജോർജ് ആലഞ്ചേരി ഡിസംബർ ഏഴിനു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിൻറെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു.
തൃശൂർ അതിരൂപതയിലെ പുത്തൻപള്ളി ബസിലിക്ക ഇടവകാംഗമാണ് മാർ റാഫേൽ തട്ടിൽ. 1980 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ഏപ്രിൽ 10ന് അതിരൂപതയുടെ സഹായമെത്രാനായി. 2014ൽ സീറോ മലബാർ സഭയുടെ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായി. 2017 ഒക്ടോബർ 10ന് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





