|
തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഒരേ സര്‍ക്കാരില്‍ സ്പീക്കറായും മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് റെക്കോര്‍ഡിട്ട് എം.ബി.രാജേഷ്. ഇന്ന് രാവിലെ രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായ ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തെത്തിയത്.
എം.വി.ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിനു നല്‍കിയിരിക്കുന്നത്. രാജേഷിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് എം.ബി.രാജേഷ്. 2009ലും 2014ലും പാലക്കാട് എംപിയായിരുന്നു.
സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന് നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഎം സംസ്ഥാന സമിതിയംഗം.
ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയന് മുന്‍ ചെയര്‍പഴ്സന്‍ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസര്‍, കാലടി സര്‍വകലാശാല) കെഎസ്ടിഎ മുന്‍ സംസ്ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കള്‍: നിരഞ്ജന, പ്രിയദത്ത (വിദ്യാര്‍ഥികള്‍.
MB Rajesh took oath as minister



