07
Jul 2026
Tue
07 Jul 2026 Tue
medical negligence autopsy kannur

പൈല്‍സ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പരിശോധിക്കുന്നു. ചക്കരക്കല്‍ ഇരിവേരി സ്വദേശി ബെംഗളൂരുവില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തളിപ്പറമ്പ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ബുധനാഴ്ചയ്ക്ക് മുമ്പ് മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു വിക്ടോറിയ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഷാനവാസിന് (45) പൈല്‍സിന് ശസ്ത്രക്രിയ ചെയ്തത്. തുടര്‍ന്നുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് ഷാനവാസ് മരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെ ഇവര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

ഇരിവേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കഴിഞ്ഞ മാര്‍ച്ച് 16നാണ് മയ്യിത്ത് അടക്കം ചെയ്തത്. ഇരിവേരി സ്വദേശിയാണെങ്കിലും 20 വര്‍ഷമായി കുടുംബമായി ബെംഗളൂരുവിലാണ് താമസം. ഡെലിവറി ജോലി ചെയ്തിരുന്ന ഷാനവാസിനു നാടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് അനുസരിച്ചാണ് ഇരിവേരിയില്‍ അടക്കം ചെയ്തത്.

ശസ്ത്രക്രിയയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണ് ഭാര്യ തമിഴ്‌നാട് സ്വദേശിയായ ഷേര്‍ളി പറയുന്നത്. ബെംഗളൂരുവിലെ വിക്ടോറിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫെബ്രുവരി 19ന് അഡ്മിറ്റായി. അന്ന് തന്നെ ശസ്ത്രക്രിയ നടത്തി. പിന്നീട് അടുത്ത ദിവസം അഡ്മിറ്റ് ചെയ്തിരുന്ന വാര്‍ഡില്‍ രാത്രി ഒരുമണിക്ക് എത്തിയ ഡോക്ടര്‍ മൊബൈല്‍ ടോര്‍ച്ച് വെട്ടത്തില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്തു.

നഴ്‌സുമാരൊന്നും ഇല്ലാതെ തനിയെ വന്നാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ വലിയ മുറിവുണ്ടാകുകയും രക്തം വാര്‍ന്നു പോകുകയും ചെയ്തു. അതിന് ശേഷം നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. മാര്‍ച്ച് 15ന് വീണ്ടും വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടായതോടെ വീട്ടില്‍ വച്ച് തന്നെ മരിച്ചു.

ആശുപത്രിയില്‍ പരാതിയുമായി ചെന്നെങ്കിലും തങ്ങളെ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് ബെംഗളൂരു വി വി പുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ രണ്ട് മാസത്തോളം വൈകിപ്പിച്ചു. പിന്നീട് ബെംഗളൂരുവിലെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ഷേര്‍ളി പറഞ്ഞു.

കോടതി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും റിപ്പോര്‍ട്ട് ഇല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് വി വി പുരം പോലീസ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനായി തളിപ്പറമ്പ് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചത്.

മൃതദേഹം പുറത്തെടുക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഇരിവേരി ജുമാ മസ്ജിദിലെത്തി. റവന്യൂ അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി.