18
Jun 2024
Sun
18 Jun 2024 Sun

ഒഡീഷയിലെ ആദ്യ മുസ്‌ലിം വനിത MLAയായി സോഫിയ ഫിര്‍ദൗസ്; അറിയാം പുതിയ സോഷ്യല്‍മീഡിയ താരത്തെക്കുറിച്ച്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡീഷാ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്റര്‍നെറ്റില്‍ ഏറെ സെര്‍ച്ച്‌ചെയ്യപ്പെട്ട പേരാണ് സോഫിയ ഫിര്‍ദൗസിന്റെത്. ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎല്‍എയാണ് കോണ്‍ഗ്രസിന്റെ സോഫിയ ഫിര്‍ദൗസ്. മാനേജ്‌മെന്റിലും സിവില്‍ എഞ്ചിനീയറിംഗിലും ബിരുദധാരിയായ സോഫിയ (32) ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബരാബതികട്ടക്ക് സീറ്റില്‍നിന്നാണ് ജയിച്ചത്.

ബിജു ജനതാദളിന്റെ (ബിജെഡി) പ്രകാശ് ചന്ദ്ര ബെഹ്‌റ മൂന്നാം സ്ഥാനത്തെത്തിയ ബാരാബതികട്ടക്ക് സീറ്റില്‍ 8,001 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ ബിജെപിയുടെ പൂര്‍ണ ചന്ദ്ര മഹാപാത്രയെ പരാജയപ്പെടുത്തിയത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് അതേ സീറ്റില്‍ നിന്നുള്ള എംഎല്‍എയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് മുഖൈമിന്റെ മകളാണ് സോഫിയ ഫിര്‍ദൗസ്. ഇതേത്തുടര്‍ന്നാണ് സോഫിയയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഭുവനേശ്വറിലെ കെഐഐടി സര്‍വകലാശാലയുടെ കീഴിലുള്ള കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 32 കാരിയായ സോഫിയ ഫിര്‍ദൗസ്. 2022ല്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജ്‌മെന്റ് പ്രോഗ്രാമും അവര്‍ പൂര്‍ത്തിയാക്കി.

 

View this post on Instagram

 

A post shared by Sofia Firdous (@sofiafirdous1)

തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് മുമ്പ് സോഫിയ ഫിര്‍ദൗസ് പിതാവിന്റെ മെട്രോ ബില്‍ഡേഴ്‌സ് കമ്പനിയുടെ ഡയറക്ടറായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യയുടെ (ക്രെഡായി) ഭുവനേശ്വര്‍ യൂണിറ്റുമായും അവര്‍ ബന്ധപ്പെട്ടിരിക്കുന്നു.

അവരുടെ ആകെ ആസ്തി ഏകദേശം 5 കോടി രൂപയാണ്. ഏകദേശം 28 ലക്ഷം രൂപ ബാധ്യതയുണ്ട്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഫിര്‍ദൗസിന്റെ പിതാവ് മുഖൈം, ബിജെഡിയുടെ ദേബാശിഷ് സമന്തരായയ്‌ക്കെതിരെ 2,123 വോട്ടുകള്‍ക്ക് ബരാബതി -കട്ടക്ക് സീറ്റില്‍ വിജയിച്ചു.

2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാരിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് 147 മണ്ഡലങ്ങളില്‍ 78 എണ്ണവും നേടി ഒഡീഷയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

Meet Sofia Firdous, Odisha’s First-Ever Woman Muslim MLA