|
മന്ത്രി മുഹമ്മദ് റിയാസിനും മുൻ മന്ത്രി കെ ടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ ഗുരുതര ആരോപണവുമായി മുൻ എംഎൽഎ പി സി ജോർജ്. റിയാസും ജലീലും പോപുലർ ഫ്രണ്ടുകാരാണെന്നും ജോർജ് പറഞ്ഞു. മുഹമ്മദ് റിയാസിനെതിരെ എൻഐഎ അന്വേഷണമുണ്ടെന്നും പിണറായി വിജയൻ അകത്തുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും ജോർജ് പറഞ്ഞു. തീവ്രക്രിസ്ത്യൻ ചാനലായ ഷെകെയ്‌ന ടിവിയിൽ കഴിഞ്ഞ ദിവസം നടന്ന വാർത്താ സംവാദ പരിപാടിയിലാണ് പി സി ജോർജ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
പോപുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും എല്ലാവിധ വളവും വച്ചുകൊടുക്കുന്ന പ്രധാന ആൾ പിണറായി വിജയനാണ്. മകളെ റിയാസിനു കെട്ടിച്ചുകൊടുത്തില്ലേയെന്നും പി സി ജോർജ് ചോദിച്ചു. കോഴിക്കോട്ട് പോപുലർ ഫ്രണ്ട് സമ്മേളനത്തിൽ പ്രസംഗിച്ച അഫ്‌സൽ ഖാസിമിയെ അന്നുതന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതു കൊണ്ടാണ് അതുണ്ടാകാത്ത്. മുഹമ്മദ് റിയാസും കെ.ടി ജലീലുമാണ് ഇതിന്റെ നേതാവ്. കേരളത്തിൽ എസ്ഡിപിഐയെ വളർത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്തവും നേതൃത്വവും ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാർഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം.
പിണറായി വിജയൻ അമേരിക്കയിൽ ചികിത്സിക്കാൻ പോയതായിരുന്നു. എന്നാൽ, അമേരിക്കയിൽ നിന്നില്ല. ആശുപത്രിയിൽ പോയിട്ട് പത്തു മിനിറ്റ് നിന്നു. അതുകഴിഞ്ഞ് എട്ടു ദിവസം യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങളിലാണ് നടന്നത്. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ നടത്തി. ഇതൊക്കെ പോപുലർ ഫ്രണ്ടുമായും മുസ്‌ലിം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്ന് ആരോപിച്ച പിസി ജോർജ് കോഴിക്കോട്ടും നെടുമ്പാശ്ശേരിയിലും തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നടക്കുന്ന സ്വർണക്കടത്ത് തടയാൻ പറ്റാത്തത് മുഖ്യമന്ത്രി വരെ സ്വർണം കടത്തുന്നതുകൊണ്ടാണെന്നും കൂട്ടിച്ചേർത്തു.
എൻഐഎയും ഇഡിയും ദേശവ്യാപക റെയ്ഡ് നടത്തി പോപുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഷെകെയ്ന ടിവിയിലൂടെ പി സി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും കെ ടി ജലീൽ എംഎൽഎയ്ക്കുമെതിരേ ആരോപണവുമായി രംഗത്തുവന്നത്.



