22
Jul 2023
Tue
22 Jul 2023 Tue

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മലയാളി താരം മിന്നു മണി. അരങ്ങേറ്റ മത്സരത്തില്‍ ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണറെ മടക്കിയാണ് മിന്നു വരവറിയിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് അടിവരയിടുന്ന പ്രകടനം ആദ്യ മത്സരത്തില്‍ത്തന്നെ മിന്നു നടത്തി. ഇതോടെ രണ്ടാം ടി20യിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മിന്നു ഇടം പിടിക്കുകയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മത്സരത്തില്‍ എട്ട് റണ്‍സിന്റെ ആവേശ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് ആകെ നേടാനായത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 87 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ചതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 5 റണ്‍സാണ് മിന്നു നേടിയത്. നേരിട്ട ആദ്യ പന്ത് തന്നെ മിന്നും ബൗണ്ടറി കടത്തി. 10ാം നമ്പറിലാണ് മിന്നുവിന് അവസരം ലഭിച്ചത്. ഓള്‍റൗണ്ടറാണെങ്കിലും ബാറ്റിങ്ങിനെക്കാള്‍ മിന്നുവിന് പ്രിയം ബൗളിങ്ങിലാണ്. മിന്നുവിന്റെ മികവ് തിരിച്ചറിഞ്ഞ് ഇത്തവണ രണ്ടാം ഓവറില്‍ത്തന്നെ മലയാളി താരത്തിന് ബൗളിങ് ലഭിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

രണ്ടാം പന്തില്‍ത്തന്നെ ബംഗ്ലാദേശ് ഓപ്പണര്‍ ഷാമിന സുല്‍ത്താനയെ മിന്നു മടക്കിയയച്ചു. നാല് പന്തില്‍ 5 റണ്‍സെടുത്ത ഷാമിനെയെ മിന്നു ഷഫാലി വര്‍മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ മെയ്ഡന്‍ ഓവറാക്കിയാണ് മിന്നു വിക്കറ്റ് നേടിയത്. ബംഗ്ലാദേശ് താരങ്ങളെ അവരുടെ മണ്ണില്‍ വിറപ്പിക്കുന്ന പ്രകടനമാണ് മിന്നു കാഴ്ചവെച്ചത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടിയ മിന്നു റിതു മോനിയെ (4) എല്‍ബിയിലും കുടുക്കി.

നാല് ഓവറില്‍ 1 മെയ്ഡനടക്കം 9 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമിനൊപ്പം മിന്നുവിന് ഭാവിയുണ്ടെന്ന് തെളിയിക്കാന്‍ ആദ്യ പരമ്പരയിലൂടെത്തന്നെ മിന്നുവിന് സാധിച്ചിരിക്കുകയാണ്. ഏറെക്കാലമായി കേരള ടീമിന്റെ ഭാഗമായിരുന്ന മിന്നു വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കായും കളിച്ചിരുന്നു. ഇതും ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറക്കാന്‍ സഹായിച്ചു. ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ മികവുകാട്ടുന്ന മിന്നു മണി ഇനിയും ഏറെക്കാലം ഇന്ത്യന്‍ ടീമിനൊപ്പം താനുണ്ടാവുമെന്ന് പ്രകടനംകൊണ്ട് പറയുകയാണ്. ആദ്യ മത്സരത്തിലെ അനുഭവസമ്പത്തിനെ മുതലാക്കി കളിക്കാന്‍ മിന്നുവിന് സാധിച്ചു. ഇന്ത്യക്ക് ബാറ്റിങ്ങിലും കൂടുതല്‍ ഉപയോഗിക്കാവുന്ന താരമാണ് മിന്നു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്കെത്തുന്ന ആദ്യത്തെ താരമെന്ന നേട്ടം മിന്നുവിനെ തേടിയെത്തിയത് എന്തുകൊണ്ടാണെന്ന് അദ്യത്തെ രണ്ട് മത്സരങ്ങളിലൂടെത്തന്നെ മിന്നു തെളിയിച്ചു.

ബൗളര്‍മാരുടെ ആധിപത്യമാണ് രണ്ടാം മത്സരത്തില്‍ കണ്ടത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി ഷഫാലി വര്‍മയാണ് (19) ടോപ് സ്‌കോററായത്. അമന്‍ജോത് കൗര്‍ (14), സ്മൃതി മന്ദാന (13) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. അവസാന എട്ട് പന്തില്‍ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന (38) ഒരുവശത്ത് പൊരുതിയെങ്കിലും വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഇന്ത്യ ജയം നേടിയെടുക്കുകയായിരുന്നു. ദീപ്തി ശര്‍മയും ഷഫാലി വര്‍മയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ മിന്നു മണി രണ്ടും അനുഷ ഒരു വിക്കറ്റും വീഴ്ത്തി.