02
Sep 2023
Sun
02 Sep 2023 Sun

ഡ‍ൽഹി: നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടി. 28കാരനായ അധ്യാപകനിൽ നിന്നുള്ള ലൈംഗികാതിക്രമം സഹിക്കവയ്യാതെയാണ് കുട്ടി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണ ഡൽഹിയിലെ ഓഖ്ല പ്രദേശത്തുള്ള റെസിഡൻഷ്യൽ ഏരിയയിലായിരുന്നു സംഭവം. ആഗസ്റ്റ് 30നാണ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ കെട്ടിടം അധ്യാപകന്റെ കുടുംബത്തിന്റേതാണ്. കുറച്ചുകാലമായി ഈ കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സംഭവത്തിൽ, പൊലീസ് കേസ് അന്വേഷണം ആരംഭിക്കുകയും കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പങ്കുള്ളതായി വ്യക്തമാവുകയും ചെയ്തു. തുടർന്ന് ആൺകുട്ടിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട അധ്യാപകൻ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. പീഡന വീഡിയോ പകർത്തുകയും വിളിച്ചാൽ വന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആഗസ്റ്റ് 30ന് രാവിലെ 11.30ഓടെ കുട്ടിയെ അധ്യാപകൻ വീണ്ടും വിളിച്ചു വരുത്തി. തുടർച്ചയായുള്ള പീഡനത്തിൽ മനം മടുത്ത കുട്ടി അയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് മുറിയിലെത്തിയ ആൺകുട്ടി അധ്യാപകനെ മൂർച്ചയുള്ള പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അധ്യാപകന്റെ മൊബൈൽ ഫോൺ, സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.