തിരുവനന്തപുരം: വന്‍തുക പിഴിയുന്ന വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് സാധാരക്കാരായ വ്യാപാരികളെ രക്ഷിക്കാന്‍ ചന്തകളില്‍ റീകൂപ്പ് പദ്ധതിയുമായി സഹകരണ വകുപ്പ്. (Money lending project in the market) ഒരു രൂപ പലിശ നല്‍കിയാല്‍ ആയിരം രൂപ ഒരുദിവസത്തേക്ക് ചന്തയില്‍ നിന്നുതന്നെ നല്‍കുന്ന തത്സമയ വായ്പപദ്ധതിയാണിത്.
|
നഗരത്തിലെ പ്രധാന ചന്തകളിലെല്ലാം ഇത്തരം വായ്പകളുമായി വട്ടിപ്പലിശക്കാരുണ്ട്. നൂറുരൂപയ്ക്ക് പത്തുരൂപവരെയാണ് ഇതിനുള്ള ദിവസപലിശ. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും വലിയ പലിശയീടാക്കി പണം നല്‍കുന്നുണ്ട്.
ഈ ചൂഷണം തടഞ്ഞ് ചെറുകിട-വഴിയോര കച്ചവടക്കാരെയടക്കം സഹായിക്കാനാണ് സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് റീകൂപ്പര്‍മാര്‍ ചന്തയിലേക്കിറങ്ങുന്നത്.
ALSO READ: ‘എമ്പുരാന്‍ ഓര്‍മപ്പെടുത്തുന്നത് ഫാസിസം കുഴിച്ചു മൂടാന്‍ ആഗ്രഹിക്കുന്ന ഒരു വംശഹത്യയുടെ ചരിത്രം’
പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും തത്സമയവായ്പ നല്‍കുക. ഒരോ പ്രദേശത്തും പ്രത്യേകം റീകൂപ്പര്‍മാരെ (വായ്പ വിതരണത്തിന് നിയോഗിക്കുന്ന വ്യക്തികള്‍) നിയോഗിക്കും.
നിക്ഷേപ-വായ്പ പിരിവുകാരെ ഇതിന് ഉപയോഗിക്കുന്നതും പരിഗണനയിലാണ്. ഓരോ ആയിരം രൂപയ്ക്കുമുള്ള ഒരു രൂപ പലിശ ആദ്യമേ നല്‍കണം. മുതല്‍ ഇനത്തിലുള്ള തുക അന്നുതന്നെ തിരിച്ചടയ്ക്കണം. വായ്പാ വിതരണത്തിനുള്ള തടസ്സങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
തിരിച്ചടവ് സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്നത് പരിശോധനയിലാണ്. വായ്പ നല്‍കുന്നയാള്‍ക്ക് തന്നെ തിരിച്ചടവ് ഉത്തരവാദിത്വവും നല്‍കുക എന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്ന രീതി.
നേരിട്ട് പരിചയമുള്ള കച്ചവടക്കാര്‍ക്കും വഴിയോരവില്‍പ്പനക്കാര്‍ക്കും റീകൂപ്പര്‍മാര്‍ക്ക് പണം എളുപ്പം നല്‍കാനും തിരിച്ചുവാങ്ങാനുമാകും. രാവിലെ സാധനങ്ങള്‍ വാങ്ങാനുള്ള പണം റീകൂപ്പര്‍മാരില്‍നിന്ന് വാങ്ങുകയും അത് വിറ്റുകിട്ടുന്ന പണംകൊണ്ട് തിരിച്ചടയ്ക്കുകയും ചെയ്യുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.


