17
Feb 2025
Wed
17 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്നതിൽ ഏക ആശ്വാസം പ്രവാസികൾക്ക് ആണ്. ശമ്പളം കൂടിയില്ലെങ്കിലും ലഭിക്കുന്ന ശമ്പളത്തിൻ്റെ മൂല്യം കൂടിയിട്ടുണ്ട്. ഇക്കാരണത്താൽ ആഴ്ചകൾ ആയി ഗൾഫിൽനിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ വൻ വര്‍നവ് ആണ് രേഖപ്പെടുത്തിയത്. പ്രധാനമായും സൗദിയിൽ നിന്നുള്ള പണ ഒഴുക്ക് ആണ് കൂടിയത്. 2024 ലെ കണക്ക് അനുസരിച്ച് സൗദിയിൽ നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യത്തേക്കുള്ള പണമിടപാടില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ഡോളറിനെ അപേക്ഷിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിനിമയ നിരക്കില്‍ ഉണ്ടായ കുറവും പണമിടപാട് വര്‍ധിക്കാന്‍ കാരണമായി. സൗദി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകളിലാണ് പ്രവാസികളുടെ പണമിടപാടിലെ വര്‍ധനവ് വ്യക്തമാക്കുന്നത്.

2024ല്‍ സൗദിയില്‍ നിന്നും പ്രവാസികൾ നാടിലേക്ക് അയച്ച പണത്തിന്‍റെ അളവില്‍ 2023നെ അപേക്ഷിച്ച് 14% കൂടി. 14420 കോടി റിയാലാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നും വിദേശങ്ങളിലേക്ക് ഒഴുകിയത്. തൊട്ടുമുമ്പത്തെ വർഷം ഇത് 12680 കോടി റിയാൽ ആണ്. 2024ൽ തന്നെ ഡിസംബറിലാണ് ഏറ്റവും ഉയര്‍ന്ന് നിരക്കിലെത്തിയത്. 1400 കോടി. യുഎസിൽ ട്രമ്പ് അധികാരം ഉറപ്പായതോടെ വിദേശ കരൻസികൾക്ക് ഉണ്ടായ ഇടിവ് ആണ് ഡിസംബറിലെ മാറ്റത്തിന് കാരണം.

സൗദിക്ക് പുറമെ യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിലും വർദ്ധനവ് ഉണ്ട്. പുതിയ സാഹചര്യത്തിൽ മണി എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലുകൾക്ക് മേൽ കുവൈത്ത് നിരീക്ഷണം ശക്തമാക്കി. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണമുണ്ടാകും. തട്ടിപ്പും കുറ്റകൃത്യങ്ങളും തടയുകയാണ് ലക്ഷ്യം വെക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി പതിവായി പണം അയക്കുന്നവരെ നിരീക്ഷിക്കും. അയക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ബന്ധവും പരിശോധിക്കും. ഇതിനായി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കും. എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കണമെന്ന് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.