|
മങ്കിപോക്സ് വ്യാപനതോത് വർധിക്കുന്നതിനിടെ അമേരിക്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറി സേവ്യർ ബെസറയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മങ്കിപോക്സ് വൈറസിനെ നേരിടുന്നതിൽ തങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അമേരിക്കൻ ജനത മങ്കിപോക്സിനെ ഗൗരവത്തോടെ കാണണമെന്നും അവർ ആവശ്യപ്പെട്ടു. മങ്കിപോക്സ് വ്യാപനത്തെ നേരിടുന്നതിൽ സർക്കാരിന്റെ നടപടികൾ അപര്യാപ്തമാണെന്ന ആരോഗ്യ വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ജോ ബൈഡൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.
മങ്കിപോക്സിനെതിരായ ജനിയോസ് വാക്സിൻ നിലവിൽ വളരെ പരിമിതമാണെന്നതും ഇതിന്റെ ഉൽപ്പാദനം കൂട്ടുന്നതിൽ സർക്കാർ അമാന്തം കാട്ടുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ മങ്കിപോക്സ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
മെയ് മാസമാണ് ആഫ്രിക്കയ്ക്കു പുറത്ത് ചരിത്രത്തിലാദ്യമായി ആദ്യ മങ്കിപോക്സ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത്. ഇതു പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുകയായിരുന്നു. മങ്കിപോക്സിനെതിരായ വാക്സിൻ നിർമാണത്തിനും മരുന്ന് നിർമാണത്തിനും ഫണ്ട് നൽകുന്നതിനും മറ്റും രാജ്യങ്ങൾക്ക് അനുമതി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.



