30
May 2023
Sun
30 May 2023 Sun

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെ തമ്പാനൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കരമന സ്വദേശിക്ക് വിറ്റത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തു‌‌‌‌ടർന്ന് ഏപ്രിൽ 21ന് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തുകയായിരുന്നു. കരമന സ്വദേശിയായ സ്ത്രീയായിരുന്നു മൂന്ന് ലക്ഷം രൂപ കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്.

ഈ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പൊലീസ് ചോദ്യം ചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് താൻ കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും യഥാർഥ അമ്മയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.