ലഖ്നൗ: ’ഇന്നലെ, എന്റെ മോൻ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അവൻ മാനസികമായി തകർന്നു. കുട്ടികളോട് ഒരിക്കലും ഇങ്ങനെ പെരുമാറരുത്- യുപിയിലെ അധ്യാപികയുടെ വിദ്വേഷ ചെയ്തിക്കിരയായ കുട്ടിയുടെ മാതാവിന്റെ വാക്കുകളാണ്. മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു മനഃസാക്ഷിയെ പിടിച്ചുലച്ച ക്രൂരത. ക്ലാസിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ ശേഷം ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുകയായിരുന്നു അധ്യാപിക. ഇത് മറ്റൊരാൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
|
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ എട്ട് വയസുകാരൻ ‘അൽ ജസീറ’യോട് പറഞ്ഞു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം ചെയ്തത്. മുമ്പും വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം ഈ അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി ഇരയായ കുട്ടിയുടെ മാതാവ് റുബീന കൂട്ടിച്ചേർത്തു. കുറച്ച് ദിവസം മുമ്പ് പാഠഭാഗം കാണാതെ പഠിച്ചില്ലെന്ന പേരിൽ തന്റെ കുടുംബത്തിലെ മറ്റൊരു വിദ്യാർഥിയെ സമാന രീതിയിൽ മർദിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
’എല്ലാ മുസ്‍ലിം കുട്ടികളും പോകണമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു’ എന്ന് തൃപ്ത ത്യാഗി പറയുന്നത് വീഡിയോയിൽ കേൾക്കാം. അപ്പോൾ വീഡിയോ പിടിക്കുന്നയാൾ ’നിങ്ങൾ പറഞ്ഞത് ശരിയാണ്, അവർ വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നു’ എന്ന് പ്രതികരിക്കുന്നുണ്ട്. മർദനത്തിനിരയാകുന്ന എട്ട് വയസുകാരൻ വിതുമ്പിക്കരഞ്ഞ് പരിഭ്രാന്തനായി നിൽക്കുമ്പോഴാണ് അധ്യാപികയും കൂടെയുള്ളയാളും ഇത്തരമൊരു പ്രതികരണം നടത്തുന്നത്. ക്ലാസിലെ ഏക മുസ്‌ലിം കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയെ ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.
രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പടരുന്ന വിദ്വേഷത്തിന്റെ ഫലമാണ് മകനോട് ഇത്തരത്തിൽ പെരുമാറിയതെന്ന് അധ്യാപികയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ടെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ‘ടീച്ചർ സഹപാഠികളോട് ഓരോരുത്തരായി എന്റെ മകനെ അടിക്കാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ പാഠം കാണാതെ പഠിക്കുന്നില്ലെന്ന് പറഞ്ഞ് ടീച്ചർ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. എന്റെ മകൻ പഠിക്കാൻ മിടുക്കനാണ്. അവൻ ട്യൂഷനും പോകുന്നുണ്ട്. എന്തുകൊണ്ടാണ് ടീച്ചർ ഇങ്ങനെ പെരുമാറിയതെന്ന് നമുക്ക് മനസിലാകുന്നില്ല. വിദ്വേഷം കാരണമാണെന്ന് തോന്നുന്നു’- 42കാരനായ പിതാവ് വിശദമാക്കി.
മകനെ തുടർന്നും അവിടെ പഠിപ്പിക്കാൻ കഴിയില്ലെന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്നും ഇർഷാദ് വ്യക്തമാക്കി. ’ഇനി ഒരിക്കലും തന്റെ വിദ്യാർഥികളോട് മോശമായി പെരുമാറില്ലെന്ന് ടീച്ചർ പറഞ്ഞു. എന്നാൽ, എന്റെ മകന് വിദ്യാഭ്യാസം നേടാനും വളരാനും കഴിയുന്ന അന്തരീക്ഷമല്ല അവിടെ’- അദ്ദേഹം പറഞ്ഞു. കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങിയാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് പരാതി നൽകാത്തതെന്നും പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം, മർദനത്തിന്റെ വിഡിയോ ഷെയർ ചെയ്യരുതെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് ഈ ദൃശ്യം നീക്കം ചെയ്തു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.





