ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ്(മങ്കി പോക്‌സ്-കുരങ്ങു പനി) അതിവേഗം പടര്‍ന്നു പിടിക്കുന്നു.(Mpox: The WHO has declared a global emergency) ആഫ്രിക്കയില്‍ ഈ വര്‍ഷം മാത്രം 17,000 പേര്‍ക്ക് രോഗം ബാധിക്കുകയും 517 പേര്‍ മരിക്കുകയും ചെയ്തു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
|
രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് എംപോക്‌സ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്‌സ് വ്യാപനം ഭീഷണിയാകുന്നത്.
അടിയന്തര സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എംപോക്സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോംഗോയിലാണ് രോഗം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. അയല്‍രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 13 രാജ്യങ്ങളില്‍ ഇതിനകം എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലെഡ് എല്‍ബി കണ്ടെത്തിയിട്ടുണ്ട്.
എന്താണ് എംപോക്‌സ്?
നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് അറിയപ്പെട്ടിരുന്നത്. വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെ ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്‌സ് എന്നാക്കി.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. 1970ല്‍ കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് കണ്ടെത്തിയത്.
ആഫ്രിക്കയില്‍ 2,15,000 ഡോസ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് എംപോക്‌സ് വാക്‌സിന്‍ നിര്‍മാതാക്കളായ ബവേറിയന്‍ നോര്‍ഡിക്കുമായി കരാറിലെത്തിയതായി മേഖലയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 10 ലക്ഷം ഡോസും 2025 അവസാനത്തോടെ ഒരു കോടി ഡോസും വാക്‌സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യം.
എംപോക്‌സ് പകരുന്നതെങ്ങനെ?
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എം പോക്‌സ് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകള്‍, അണ്ണാന്‍, എലികള്‍ എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ എംപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
എം പോക്‌സ് ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണ് എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
എം പോക്‌സ് ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
വൈറല്‍ രോഗമായതിനാല്‍ എംപോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എം പോക്‌സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
എംപോക്‌സിന്റെ വാക്‌സിനേഷന്‍ നിലവിലുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.


