|
കൊച്ചി: ലോക വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനും മുൻ മുസ്ലിംലീഗ് നേതാവുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ആശംസകൾ നേർന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ഇന്ത്യൻ മതേതരത്വത്തിന് കരുത്ത് പകരാനും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാനും ഷുക്കൂർ വക്കീലിന്റെ പുനർവിവാഹം സഹായകമാകുമെന്ന് രമേശ് പറഞ്ഞു.
വനിതാദിനം കേവലം ആശംസകളറിയിക്കുന്നതിൽ ഒതുങ്ങരുതെന്നും തുല്യതയ്ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നും രമേശ് പറഞ്ഞു. അമ്മ,സഹോദരി,ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്ക്കരുത്. ഈ വനിതാദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്. സിനിമ നടനും സാമൂഹ്യപ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്. ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകുമെന്നും രമേശ് കൂട്ടിച്ചേർത്തു.
തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് പുനർവിവാഹമെന്നാണ് ഷുക്കൂർ പറയുന്നത്.


