|
വിവാദ പ്രസംഗങ്ങളില്‍ സംസ്ഥാന സെക്രട്ടറി കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമെന്ന് മുസ് ലിം ലീഗ്. പാർട്ടി നിർദേശപ്രകാരം സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയാണ് കെ എം ഷാജി വിവാദപ്രസംഗങ്ങൾ സംബന്ധമായ വിശദീകരണം നൽകിയത്.
വിഷയത്തില്‍ ഷാജി വിശദീകരണം നല്‍കിയെന്നും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമൊണെന്നും ലീഗ് സംസഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞെന്നും പ്രസംഗത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി.
ഈ മാസം ഒന്‍പതിന് ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളാണ് കെ എം ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം. പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി വിശദീകരണം തേടിയത്.
വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.



