മലപ്പുറം: മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് രൂക്ഷ വിമര്‍ശനം. (Muslim league meeting: Criticism against VD Satheeshan) വി.ഡി. സതീശന്റേത് തികഞ്ഞ ഏകാധിപത്യപ്രവണതയാണെന്ന് ചില നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.
|
പി.വി. അന്‍വര്‍ വിഷയം കോണ്‍ഗ്രസ് നേതൃത്വമാണ് വഷളാക്കിയയതെന്നാണ് യോഗം വിലയിരുത്തിയത്. പ്രശ്നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
പി.വി. അന്‍വര്‍ വിഷയത്തില്‍ വി.ഡി. സതീശന്‍ അനാവശ്യ വാശി കാണിച്ചു. പ്രതിപക്ഷ നേതാവ് മുന്നണി മര്യാദ കാണിച്ചില്ല. സതീശനും അന്‍വറും കാരണം പ്രശ്നങ്ങള്‍ നീണ്ടുപോയി.
ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്നതെന്നും ചില നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഇങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും ചില ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം.
2026-ലെ തിരഞ്ഞെടുപ്പ് ആണ് പ്രധാനവിഷയം എന്നും അതാരും ഓര്‍ത്തില്ലെന്നും ലീഗ് കുറ്റപ്പെടുത്തി. കെ.എം. ഷാജിയും എം.കെ. മുനീറും ഉള്‍പ്പടെയുള്ള നേതാക്കളാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പ്രശ്നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിഭാഗീയത തിരിച്ചടിയാകരുത് എന്നും ലീഗ് ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പില്‍ വിഭാഗീയ സ്വരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നോതൃത്വത്തോട് അവശ്യപ്പെടും. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരാതി അറിയിക്കാനും ലീഗ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ശനിയാഴ്ച അര്‍ധരാത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത് യു.ഡി.എഫിന് നാണക്കേടായി. അന്‍വറുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചശേഷവും രാഹുല്‍ അന്‍വറിനെ കണ്ടതും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും മുന്നണിക്ക് നാണക്കേടായി.
അന്‍വറും യു.ഡി.എഫും ചേരുമ്പോള്‍ ഈസി വാക്കോവറായിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സങ്കീര്‍ണമായിരിക്കുന്നത്. എന്നാല്‍തന്നെയും ലീഗ്, കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാതെ നോക്കിയാല്‍ ഷൗക്കത്തിന് ഇപ്പോഴും വിജയസാധ്യതയുണ്ട്. ആ നിലക്കുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലത്തില്‍ ശക്തമാക്കാന്‍ ലീഗ് നേതൃയോഗത്തില്‍ ധാരണയായി. യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ കെ.സി. വേണുഗോപാലിനെ അടക്കം അറിയിക്കാനും യോഗം തീരുമാനിച്ചു.
അതേസമയം, യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തി. യോഗത്തെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ അവാസ്തവമാണെന്നും മറ്റു ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.


