ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുല്‍ ഇസ്ലാം ജുമാമസ്ജിദില്‍നിന്ന് ആറുലക്ഷം രൂപ കവർന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പോലിസ്. കാഞ്ഞിരക്കടവ് കാളംതൊടിയില്‍ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാര്‍ക്കാട്ടുനിന്ന് പിടികൂടിയത്.
|
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വിവാഹ രജിസ്ട്രേഷന് നടപടികള്‍ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കര്‍ നേരത്തേ പള്ളിയില്‍ പോയിരുന്നു. അങ്ങനെ വലിയ പെരുന്നാളിന് ബലികര്മത്തിനുവേണ്ടി മഹല്ല് നിവാസികളില്‍നിന്ന് സ്വരൂപിച്ച പണം സൂക്ഷിച്ച സ്ഥലം അബൂബക്കർ കണ്ടെത്തി. പിന്നീട് പുലർച്ചെ എത്തി പണം എടുത്ത് മുങ്ങുകയായിരുന്നു. പള്ളിയുടെ ഓഫീസിലെ വാതില്‍പ്പൂട്ട് തകര്‍ത്ത് അലമാര കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. പള്ളിയിലെയും സമീപത്തെയും സിസിടിവി ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
മോഷണംനടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷന് വിച്ഛേദിക്കപ്പെട്ടിരുന്നു. അതിനാൽ പള്ളിയിലെ മറ്റുഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞത്.
അടുത്തദിവസങ്ങളില്‍ ഉപയോഗിക്കാനുള്ളതുകൊണ്ടാണ് പണം ബാങ്കില്‍ നിക്ഷേപിക്കാതെ പള്ളിയിൽ തന്നെ സൂക്ഷിച്ചതെന്നു പളളി കമ്മറ്റി പറഞ്ഞു. പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ എസ്ഐ എം. സുനിലും സംഘവുമാണ് അന്വേഷണം നടത്തിത്.
thief stole ₹6 lakh from a mosque in Ottapalam arrested within hours


