12
Sep 2024
Wed
12 Sep 2024 Wed
Muslim League to fight detention camps in Assam: ET

കോഴിക്കോട്: അസമിലെ ബാര്‍പേട്ട ജില്ലയിലെ മുസ്‌ലിംകളായ 28 പേരെ വിദേശികളാണെന്ന് ആരോപിച്ച് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയത് ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയമായും നിയമപരമായും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കൊടിയ അനീതിയും ജനാധിപത്യ മതേതര വിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നതുമാണിത്. പൊലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാംപിലേക്ക് കൊണ്ടുപോയത് തികഞ്ഞ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ്.
അവരെ ബസിലാക്കി കൊണ്ടുപോകുന്ന ആ കാഴ്ച്ചയും അവരുടെ നിലവിളികളും മനസ്സ് പിടയ്ക്കുന്നതാണ്. രാജ്യത്തെ മുസ്‌ലിം സമൂഹം എത്രത്തോളം അരക്ഷിതരാണെന്ന് കാണിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. അസമില്‍ സി.എ.എ നടപ്പിലാക്കിയതിന്റെ ഫലമായാണ് ഈ ഭരണകൂട ഭീകരത അരങ്ങേറുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന മുസ്്‌ലിംലീഗ് കേസ്സ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ കിരാത നടപടി. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്്‌ലിംകളെ ഉന്നമിട്ട് പൗരത്വ നിയമം ഭേദഗതി നടത്തിയപ്പോള്‍ ഉന്നയിച്ചവയെല്ലാം വസ്തുതയാണെന്ന് തെളിയിക്കുന്നതാണ് സംഭവം. രാജ്യത്തിന്റെ ഭരണഘടനക്കോ ജനാധിപത്യവാഴ്ച്ചക്കോ നീതിന്യായ വ്യവസ്ഥക്കോ നിരക്കാത്ത മനുഷ്യത്വഹീനമായ നടപടിയായിപ്പോയി. ഇത്തരം ചെയ്തികളിലൂടെ രാജ്യത്തെ മുസ്‌ലിംകളെ ഭയപ്പെടുത്താമെന്ന വ്യാമോഹം ഇന്ത്യന്‍ ഭരണഘടനയുള്ളിടത്തോളം ചെറുത്ത് തോല്‍പ്പിക്കുമെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കി.

whatsapp അസമില്‍ മുസ്‌ലിംകളെ തടങ്കല്‍ പാളയത്തില്‍ തള്ളിയതിനെതിരെ മുസ്ലിം ലീഗ് പോരാടും: ഇ.ടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൗരത്വഭേദഗതി നിയമ പ്രകാരം വിദേശികള്‍ക്ക് ഒരുഭാഗത്ത് പൗരത്വം കൊടുക്കുമ്പോള്‍, മറ്റൊരു ഭാഗത്ത് ഇന്ത്യയില്‍ കഴിയുന്നവരുടെ പൗരത്വം റദ്ദാക്കി അവരെ ജയിലിലടക്കുന്ന സാഹചര്യത്തിലാണ് ലീഗിന്റെ പ്രസ്താവന. അസമില്‍ 28 പേരെക്കൂടിയാണ് വിദേശിയെന്നാരോപിച്ച് ജയിലിലടച്ചത്. അസമിലെ ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്ലിംകളായ 18 പുരുഷന്‍മാരും ഒമ്പത് സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ഫോറിനേഴ്‌സ് ട്രൈബൂണല്‍ (FT) തിങ്കളാഴ്ച വിദേശികളെന്ന് വിധിച്ചിരുന്നു. ഇവരെയാണ് ഇന്നലെ തടങ്കിലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയില്‍ മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.

‘ഇത് പശുവിറച്ചിയല്ലേ…ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നിങ്ങളെ തുണ്ടം തുണ്ടമാക്കും.. പെങ്ങളെ ബലാല്‍സംഗം ചെയ്യും!’ ട്രെയ്‌നില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍
ബാര്‍പേട്ട ജില്ലാ പൊലിസ് സൂപണ്ടിന്റെ ഓഫീസില്‍നിന്ന് ഇവരെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബസ്സിനുള്ളിലുള്ളവര്‍ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ വൈകാരിക രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (National Register of Citizens NRC) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് Foreigners Tribunals (FT). ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമില്‍ ആകെയുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം ‘അവരുടെ രാജ്യങ്ങളിലേ’ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളുണ്ട്.

എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ ‘ഡി’വോട്ടര്‍ (DoubtfulVoters – DVoters) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു.

നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ക്ലിനിക്ക്, വിദ്യാലയം, ഭക്ഷണ ഹാള്‍ എന്നിവയും ഉണ്ട്.

 

Muslim League to fight detention camps in Assam: ET