25
Oct 2024
Fri
25 Oct 2024 Fri
bike journey

കൊച്ചി: നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറില്‍ നിയമം ലംഘിച്ച് കറങ്ങിയ കാമുകീ-കാമുകന്മാര്‍ ഒടുവില്‍ വലയില്‍. (MVD fined 44000 rupees for lovers for motor vehicle law violation) ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ പോകുന്ന കൊച്ചി സ്വദേശികളായ യുവാവും യുവതിയും 35 തവണയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് സ്ഥിരം ലഭിച്ചതാകട്ടെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നിരപരാധിക്കും. തിരുത്തിയ നമ്പര്‍ ഇയാളുടെ വാഹനത്തിന്റേതാണെന്നതാണ് കാരണം. ഇയാള്‍ ആര്‍ടി ഓഫീസില്‍ സമീപിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്.

നമ്പര്‍ പ്ലേറ്റില്‍ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ ശേഷമായിരുന്നു പ്രണയിതാക്കളുടെ കറക്കം. ജനുവരി മുതല്‍ ഈ മാസം പകുതിവരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും എത്തിയിരുന്നു.

സ്‌കൂട്ടറിന്റെ ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചിരുന്നത്. ചെയ്യാത്ത തെറ്റിന് തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫീസിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളി പൊളിഞ്ഞത്.

നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

പ്രണയിക്കുന്ന യുവാവുമായാണ് യാത്രയെന്ന് യുവതി പറഞ്ഞു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതെന്നും യുവതി വ്യക്തമാക്കി.

നിയമലംഘനത്തിന് യുവാവിന്റെയും യുവതിയുടെയും ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ഇതിന് പുറമേ 44,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അയ്യായിരം രൂപ ഇരുവരും അടച്ചിട്ടുണ്ട്. ബാക്കി തുക ലൈസന്‍സിന്റെ ഒരു മാസത്തെ സസ്പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പ് അടയ്ക്കണം.