22
Jan 2023
Fri
22 Jan 2023 Fri

എൻ.എം സിദ്ദീഖ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ വിഭ്രാമകത നിറം ചാലിച്ച സിനിമയാണ്. പെട്ടെന്നൊരു നാൾ ഒരാൾ, നാടകക്കാരനായ ജെയിംസ്, വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരികെ വരവേ, ഒരു തമിഴ് ഗ്രാമത്തിൽ പൊടുന്നനെ സുന്ദരം എന്ന തമിഴനായി പകർന്നാടുകയാണ്.

മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് വേഷം. ഭാര്യയും മകനും നാടകപ്രവർത്തകരും നാട്ടുകാരും അമ്പരന്നു പോകുന്ന കഥാഗതിയിൽ പ്രേക്ഷകനും ഒരുവേള അന്തിച്ചു പോവുകയാണ്. ഫാന്റസിയുടെ നനുത്ത പൊൻനൂലുകളാൽ നെയ്ത എസ്. ഹരീഷിന്റെ തിരക്കഥയിൽ സ്വന്തം കഥയിലൂടെ ലിജോ ജോസ് ബ്രില്യൻസ് നിറഞ്ഞാടുകയാണ് സിനിമയിൽ.

തിരുക്കുറളും തിരുവള്ളുവരും പഴയ തമിഴ് ഗാനങ്ങളും മിക്കവാറും തമിഴ് പേച്ചുമായി സിനിമ മനോഹരമായ ഒരു ചെറുകഥ പോലെ, പകലുറക്കത്തിലെ സ്വപ്‌നം പോലെ പുരോഗമിക്കുന്നു. ഒടുവിൽ ഉറക്കം ഞെട്ടി ജെയിംസ് യാഥാർത്ഥ്യത്തിലേക്കുണരവേ സിനിമ തീരുകയാണ്.

ഒരു പകൽക്കിനാവിന്റെ മനോഹരാഖ്യാനം, ജെയിംസ് ‘സുന്ദര’മായി പകർന്നാടുന്ന കഥ ‘നൻപകൽ നേരത്ത് മയക്ക’ത്തെ അത്യന്തം കാഴ്ചാക്ഷമമാക്കുന്നു. കഥാഗതിക്ക് ചേർന്ന മന്ദമായ പരിചരണവും മിതത്വവും തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിൽ സമന്വയിച്ചിരിക്കുന്നു.