Nashik ‘godman’ Ashok Kharat ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും നേരത്തെ അറസ്റ്റിലായ വിവാദ ജ്യോതിഷി അശോക് ഖരാത്തിനെതിരെ നാസിക്കില്‍ പുതിയ വഞ്ചനാക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് 8.76 കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് പുതിയ നടപടിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
|
2018-നും 2023-നും ഇടയിലുള്ള കാലയളവിലാണ് ഈ തട്ടിപ്പ് നടന്നത്. മാതാപിതാക്കള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഖരാത്തിന്റെ ‘ശിവാനിക ട്രസ്റ്റിന്റെ’ ട്രസ്റ്റിയായും ഈ സിഎ പ്രവര്‍ത്തിച്ചിരുന്നു.
ഖരാത്തിനെതിരെ ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ എട്ടെണ്ണം ലൈംഗിക ചൂഷണത്തിനും നാലെണ്ണം സാമ്പത്തിക തട്ടിപ്പിനുമാണ്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിലായി മറ്റ് ഏഴ് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെയുണ്ട്.
മുന്‍ മര്‍ച്ചന്റ് നേവി ഓഫീസറായ ഖരാത്ത്, ദൈവിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക് മാജിക് ഭീഷണി മുഴക്കി കുടുംബങ്ങളെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇരകളുടെ ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും ഇയാള്‍ കൈക്കലാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് നല്‍കി സ്ത്രീകളെ പീഡിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡിയിലാണ് ഖരാത്ത്. ഏപ്രില്‍ 26 വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മീയതയുടെ മറവില്‍ വര്‍ഷങ്ങളായി സ്ത്രീകളെ പീഡിപ്പിക്കുകയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വലയില്‍ കുടുങ്ങിയത് വമ്പന്‍മാര്‍
ഐപിഎസ് റാങ്കുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാറിലെ ഉന്നതരായ വനിതകള്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ തൊട്ട് കോളജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും….. ഒന്നും രണ്ടുമല്ല 150ഓളം സ്ത്രീകളാണ് ആ ആള്‍ദൈവത്തിന്റെ വലയില്‍ കുടുങ്ങിയതായി തെളിവുള്ളത്. ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍.
58 അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവാണ് പോലീസ് കണ്ടെടുത്തത്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈബര്‍ പോലീസ് നീക്കം ചെയ്തത്, 4,600-ലധികം അശ്ലീല ലിങ്കുകളാണ്!
കാഷായവേഷം ധരിച്ച ഒരു പരമ്പരാഗത ആള്‍ദൈവമായിരുന്നില്ല, മഹാരാഷ്ട്രയിലെ നാസിക് പോലീസ് പിടികൂടിയ, അശോക് ഖരാത്ത്. ബ്രാന്‍ഡന്‍ഡ് വസ്ത്രങ്ങളും, ലക്ഷങ്ങളുടെ വാച്ചുമായി, ആഢംബര വാഹനങ്ങളില്‍ കുതിച്ചുപായുന്ന ഒരു ഹൈടെക്ക് ആള്‍ദൈവം.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീപീഡനകേസാവുകയാണ്, 2026 മാര്‍ച്ച് 18-ന് അറസ്റ്റിലായ, 67 കാരനായ ജ്യോതിഷി, സംഖ്യാശാസ്ത്രജ്ഞന്‍, ഹിപ്നോട്ടിസ്റ്റ്, പ്രപഞ്ചശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അവകാശപ്പെടുന്ന അശോക് ഖരാത്തിന്റെ ചെയ്തികള്‍.
വ്യാജ പേരുകളില്‍ 130-ലധികം ബാങ്ക് അക്കൗണ്ടുകള്‍ വഴിയായി ഏകദേശം 63 കോടി രൂപയുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്.
പത്താംക്ലാസും ഗുസ്തിയുമുള്ള ക്യാപ്റ്റന്‍!

യഥാര്‍ത്ഥ പേര് ലക്ഷ്മണ്‍ ഖരാത്ത് എന്നാണ്. നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലുള്ള കഹന്ദല്‍വാഡി ഗ്രാമത്തിലാണ് ജനനം. വിദ്യാഭ്യാസ പശ്ചാത്തലം വളരെ പരിമിതമാണ്.
പത്താം ക്ലാസ് പരാജയപ്പെട്ടതിന് ശേഷം വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് നാട് വിട്ട ഇയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് ‘അശോക് കുമാര്‍ ഖരാത്ത്’ എന്ന പേരുമാറ്റത്തോടെയാണ്. സംഖ്യാശാസ്ത്രപ്രകാരം ഈ പേര് വിജയം നല്‍കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു.
നേവിയില്‍, ഏകദേശം 22 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. 154 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ പദവി വരെ എത്തിയെന്നും അശോക് പ്രചരിപ്പിച്ചു. എന്നാല്‍ ഇയാള്‍ ഒരു സാധാരണ ജോലിക്കാരന്‍ മാത്രമായിരുന്നുവെന്നും പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ ആ ജോലി വിട്ടിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1990-കളില്‍ നാസിക്കില്‍ തിരിച്ചെത്തിയ ഖരാത്ത് ആദ്യം ‘ഓകാസ് പ്രോപ്പര്‍ട്ടി’ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു. ക്രമേണ ജോത്സ്യം, സംഖ്യാശാസ്ത്രം, മുഖം നോക്കി ഫലം പറയല്‍ എന്നിവയിലേക്ക് തിരിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ സംസാരിക്കാനുള്ള ഇയാളുടെ കഴിവും ‘ക്യാപ്റ്റന്‍’ എന്ന പദവിയും ഉന്നത വൃത്തങ്ങളില്‍ ഇയാള്‍ക്ക് പെട്ടെന്ന് സ്വാധീനം നല്‍കി.
സിന്നാറിലെ ക്ഷേത്രവും ശിവ്‌നിക്ക ട്രസ്റ്റും
സിന്നാറില്‍ ഒരു ക്ഷേത്രവും, ശ്രീ ശിവ്‌നിക്ക ട്രസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഇയാള്‍ സ്ഥാപിച്ചു. ഇതോടെ അയാള്‍ പ്രശസ്തനായി. ഒരുപാട് പേര്‍ ഖരാത്തിനെ തേടിയെത്തി. അങ്ങനെ വന്ന വനിതകളാണ് കെണിയില്‍പെട്ടത്.
ഖരാത്തിന്റെ കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഭാര്യ കല്‍പ്പന ഒളിവിലാണ്. മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഖരാത്തിന്റെ ‘ആശ്രമത്തിലെ’ മൂന്ന് വനിതാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളെ കണ്ടെത്തുന്നതിനും പീഡന വിവരം പുറത്തറിയാതിരിക്കാന്‍ അവരെ ഭീഷണിപ്പെടുത്തുന്നതിനും ഇവര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ഖരാത്തിനെ സമീപിക്കുന്നവര്‍ക്ക് ഇയാളുടെ തന്നെ ആളുകള്‍ ‘കൗണ്‍സിലിംഗ്’ നല്‍കി വിശ്വസിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ ഒരു വലിയ ശൃംഖല തന്നെ ഇയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നു.
വിചിത്രമായ യോനി ശുദ്ധീകരണം

ആത്മീയതയുടെയും സംഖ്യാശാസ്ത്രത്തിന്റെയും മറവില്‍ ഖരാത്ത് നടത്തിയത് സമാനതകളില്ലാത്ത ചൂഷണമാണ്. ‘യോനി ശുദ്ധീകരണം’ എന്ന വിചിത്രമായ ആചാരമാണ് ഇയാള്‍ നടത്തിയത്. ഭക്തരായ സ്ത്രീകളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം ‘യോനി ദോഷം’ ആണെന്നും അത് പരിഹരിക്കാന്‍ ‘ശുദ്ധീകരണം’ ആവശ്യമാണെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ ഇരകള്‍ക്ക് നല്‍കി അവരെ ബോധരഹിതരാക്കുമായിരുന്നു. സ്ത്രീകള്‍ അബോധാവസ്ഥയിലായിരിക്കുന്ന സമയത്ത് ‘യോനി ശുദ്ധീകരണം’ എന്ന പേരില്‍ ഇയാള്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചു. ഈ പീഡന ദൃശ്യങ്ങള്‍ രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ഇയാള്‍ പകര്‍ത്തുമായിരുന്നു.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നത്. ശുദ്ധീകരണ ചടങ്ങിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തിന് ശാപമുണ്ടാകുമെന്നും മക്കള്‍ മരിക്കുമെന്നും പറഞ്ഞ് ഇയാള്‍ ഇരകളെ മാനസികമായും തളര്‍ത്തിയിരുന്നു.
അത്ഭുതശക്തിയുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ഇയാള്‍ തന്റെ മുറികളില്‍ റിമോട്ട് കണ്‍ട്രോളില്‍ ചലിക്കുന്ന വ്യാജ പാമ്പുകളെയും, പുലിത്തോലുകളെയും വെച്ചിരുന്നു. പൂജക്കിടെ പെട്ടെന്ന് പാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണുമ്പോള്‍ ഭക്തര്‍ പരിഭ്രാന്തരാകും. അതോടെ ഖരാത്ത് അവരുടെ മനസ്സില്‍ മഹാമാന്ത്രികനായി. അങ്ങനെ ഭീതിയും വിശ്വാസവും മനസ്സില്‍ ജനിപ്പിച്ചാണ് ഇവരെ നിര്‍ബാധം ചൂഷണം ചെയ്തത്.
തന്നെ കാണാന്‍ വരുന്നവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും മറ്റും മുന്‍കൂട്ടി പഠിച്ച്, അവരുടെ ജീവിതത്തിലെ ചില രഹസ്യങ്ങള്‍ തനിക്ക് ദിവ്യദൃഷ്ടിയിലൂടെ അറിയാമെന്ന് വിശ്വസിപ്പിക്കുന്ന ടെക്ക്നിക്കുമുണ്ട്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തനിക്ക് വഴങ്ങുന്നവരാണെന്ന് കാണിക്കാന്‍ അവരോടൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരാതി നല്‍കിയാല്‍ ആരും സഹായിക്കില്ലെന്ന് ഇരകളെ വിശ്വസിപ്പിക്കാന്‍ ഇതും സഹായിച്ചു.
വനിതാ കമ്മീഷന്‍ അധ്യക്ഷ വരെ

ഖരാത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമായത് ഭരണകൂടവുമായുള്ള അയാളുടെ അടുത്ത ബന്ധമാണ്. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന രൂപാലി ചക്കങ്കര്‍ അടക്കമുള്ളവര്‍ ഭക്തരായി മാറിയത് ഈ ഇരപിടിയന് സമൂഹത്തില്‍ വലിയ അംഗീകാരം നല്‍കി. ഖരാത്തിനെ രൂപാലി ചക്കങ്കറും കുടുംബവും ഗുരുവായിട്ടായിരുന്നു കണ്ടിരുന്നത്. ഖരാത്തിന്റെ പാദപൂജ നടത്തുന്നതും പാദങ്ങള്‍ കഴുകുന്നതുമായ രൂപാലിയുടെ പഴയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖരാത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളെ പരാതി നല്‍കുന്നതില്‍ നിന്ന് രൂപാലി ചക്കങ്കര്‍ ഭീഷണിപ്പെടുത്തിയതായി ശിവസേന നേതാവ് സുഷമ അന്ധാരെ ആരോപിച്ചിട്ടുണ്ട്. ഖരാത്തിന്റെ നേതൃത്വത്തില്‍ നടന്ന ദുര്‍മന്ത്രവാദ ചടങ്ങുകളില്‍ രൂപാലി പങ്കെടുത്തതായും ആരോപണമുയര്‍ന്നു. ഇതിന്റെ ഭാഗമായി അവര്‍ തന്റെ മോതിരവിരല്‍ മുറിച്ചതായും പറയപ്പെടുന്നു.
ഖരാത്തിന്റെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ രൂപാലി ചക്കങ്കറുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹോദരിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ രൂപാലി നിഷേധിച്ചിട്ടുണ്ട്. അശോക് ഖാരത്തിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും, പ്രചരിക്കുന്ന വീഡിയോകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.
വിവാദങ്ങങ്ങളെതുടര്‍ന്ന് 2026 മാര്‍ച്ച് 20-ന് രൂപാലി ചക്കങ്കര്‍ തന്റെ സ്ഥാനം രാജിവെച്ചു. സിസിപി എസിപി റാങ്കിലുള്ള രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിനായി ഖരാത്തിന്റെ സഹായം തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമന്യേ പല പ്രമുഖ നേതാക്കളും ഇയാളുടെ ആശ്രമം സന്ദര്‍ശിക്കാറുണ്ടായിരുന്നു.
കോടികളുടെ സ്വത്തുക്കളും വിലപിടിപ്പുള്ള കാറുകളും
ഏകദേശം 200 കോടി രൂപയുടെ ആസ്തി
ആള്‍ദൈവത്തിനുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 63 കോടി രൂപയുടെ നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാസിക്, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ വിലപിടിപ്പുള്ള വസ്തുവകകളും ആഡംബര ഫ്ളാറ്റുകളും ഇയാള്‍ക്ക് സ്വന്തമായുണ്ട്.
നാസിക്കിലെ ഗംഗാപൂര്‍ റോഡിലുള്ള വസതിയും ഓഫീസും അതീവ ആഡംബരപൂര്‍ണ്ണമായിരുന്നു. റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും പോലീസ് കണ്ടെടുത്തിരുന്നു.
കോടികള്‍ വിലമതിക്കുന്ന ബി.എം.ഡബ്ല്യു മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ ഇയാള്‍ക്കുണ്ടായിരുന്നു. ഇതില്‍ പല വാഹനങ്ങളും ഇയാള്‍ ഭക്തരില്‍ നിന്ന് സമ്മാനമായി വാങ്ങിച്ചതാണെന്ന് പോലീസ് കണ്ടെത്തി. വസതിയും ഓഫീസും അതീവ ആധുനികമായ ഇലക്ട്രോണിക് സംവിധാനങ്ങളാല്‍ സജ്ജമായിരുന്നു.
ഐടി വിദഗ്ധര്‍ ഉള്‍പ്പെടെ വന്‍ സംഘം
ഖാരത്ത് തനിച്ച് നടത്തിയ ഒന്നായിരുന്നില്ല ഈ തട്ടിപ്പുകള്‍. ഇയാള്‍ക്ക് പിന്നില്‍ വലിയ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഭക്തരായ സ്ത്രീകളെ വശീകരിക്കുന്നതിനും ഖരാത്തിന്റെ അടുത്തെത്തിക്കുന്നതിനും ഇയാള്‍ സ്ത്രീകളെത്തന്നെ ഉപയോഗിച്ചു. ഇവരില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. പീഡനവിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത് ഈ സ്ത്രീകളായിരുന്നു.
ഇരകളുടെ വീഡിയോകള്‍ എഡിറ്റ് ചെയ്യാനും അവ ക്ലൗഡ് സ്റ്റോറേജുകളിലും വിദേശ സെര്‍വറുകളിലും സൂക്ഷിക്കാനും ഇയാള്‍ ചില ഐടി വിദഗ്ധരുടെ സഹായം തേടിയിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും പരാതി നല്‍കാന്‍ മുതിര്‍ന്നാല്‍ അവരെ ശാരീരികമായി ഉപദ്രവിക്കാനും ഭയപ്പെടുത്താനും ഖാരത്തിന് പ്രത്യേക ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു.
സഹായി കാറപകടത്തില്‍ കൊല്ലപ്പെ്ട്ടു
ഇയാളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്തിരുന്ന ജിതേന്ദ്ര ഷെല്‍ക്കെ എന്ന സഹായിക്ക് എല്ലാ രഹസ്യങ്ങളും അറിയാമായിരുന്നു. ഷെല്‍ക്കെയും ഭാര്യയും ഈയിടെ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ മകന് ഗുരുതരമായി പരിക്കുമേറ്റു. ഇത് ഒരു ആസൂത്രിത കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഷെല്‍ക്കെയുടെ മരണത്തോടെയാണ് പല രഹസ്യങ്ങളും മറനീക്കി പുറത്തുവരാന്‍ തുടങ്ങിയത്.
നരബലിയടക്കമുള്ള ആരോപണങ്ങള്‍
നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. 2022-ല്‍ ആത്മഹത്യ ചെയ്ത വികാസ് ദിവതേ എന്ന വ്യക്തി തന്റെ മരണത്തിന് ഉത്തരവാദി അശോക് ഖാരത്താണെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. അന്ന് സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ത്ത ഈ കേസ് നിലവില്‍ പോലീസ് വീണ്ടും അന്വേഷിക്കുന്നുണ്ട്. നരബലി ഉള്‍പ്പെടെ ഇയാളുടെ നേതൃത്വത്തില്‍ നടന്നതായും സംശയിക്കുന്നു.
പിടിവീണത് മുന്‍ജീവനക്കാരന്റെ ഭാര്യയുടെ പരാതിയില്‍
ഒടുവില്‍ ഖാരത്തിന് പിടിവീണത് മുന്‍ ജീവനക്കാരന്റെ ഭാര്യയുടെ പരാതിയിലാണ്. തന്റെ മുന്‍ ജീവനക്കാരന്റെ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ ഏകദേശം രണ്ട് വര്‍ഷത്തോളം ഖരാത്ത് ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പ്രസവസംബന്ധമായ പൂജകള്‍ക്കായാണ് ഇവര്‍ ഖരാത്തിനെ സമീപിച്ചത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കി നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭം അലസിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇവര്‍ പരാതി നല്‍കിയതാണ് ഈ ഹൈടെക്ക് ആള്‍ദൈവത്തിന്റെ അടിവേരിളക്കിയത്.




