22
Feb 2023
Sun
22 Feb 2023 Sun

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിൽ ട്വിസ്റ്റ്. കൊല്ലപ്പെട്ട ആറ് പേരില്‍ നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന ദേശീയ ഫോറന്‍സിക് ലാബ് റിപോര്‍ട്ടാണ് ഇത്തരമൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിഷാംശങ്ങളോ സയനൈഡോ കണ്ടെത്താത്തത്. അതേസമയം റോയ് തോമസ്, സിലി എന്നിവരുടെ ശരീരത്തില്‍ നിന്നും സയഡൈിന്റെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുമാണ് ആറ് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.

ഇവർ നാലുപേരെയും കൊലപ്പെടുത്തിയതാണോ അല്ലയോ എന്ന ചോദ്യമാണിപ്പോൾ ഉയർന്നിരിക്കുന്നത്. ആണെങ്കിൽ അത് എങ്ങിനെ എന്നതടക്കമുള്ള കാര്യങ്ങൾ ഇനി കണ്ടെത്തേണ്ടി വരും.