06
Jan 2024
Fri
06 Jan 2024 Fri

പാചകമൽസരം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ തമിഴ്ചിത്രം അന്നപൂരണിയിൽ ക്ഷേത്രപൂജാരിയുടെ മകൾ നിസ്കരിക്കുന്ന രം​ഗം ഉൾപ്പെടുത്തിയതും രാമനും സീതയും മാംസാഹാരം ഭക്ഷിച്ചിരുന്നുവെന്ന പരാമർശം ഉൾപ്പെടുത്തിയതും ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്ന ഹിന്ദുത്വരുടെ ആരോപണത്തെ തുടർന്ന് മാപ്പപേക്ഷയുമായി പ്രധാനകഥാപാത്രം അവതരിപ്പിച്ച നയൻതാര. ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നു , ഹൈന്ദവവികാരം വ്രണപ്പെടുത്തുന്നതാണ് തുടങ്ങിയ ആരോപണങ്ങളുമായി ഹിന്ദുത്വർ രം​ഗത്തുവന്നതോടെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളിക്സ് ചിത്രം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നയൻതാരയുടെ മാപ്പപേക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസിറ്റിവായ സന്ദശേം കൈമാറാനുള്ള ആത്മാർഥ ശ്രമം മാത്രമാണ് ഉണ്ടായതെന്നും ആരെയും മുറിപ്പെടുത്തിയത് മനപ്പൂർവമല്ലെന്നും താരം പുറത്തുവിട്ട മാപ്പപേക്ഷയിൽ പറയുന്നു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെയാണ് നയൻതാര മാപ്പപേക്ഷ ലെറ്റർഹെഡിൽ പങ്കുവച്ചത്. സെൻസറിങ്ങിന് വിധേയമായ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ നിന്ന് പിൻവലിക്കുമെന്ന് കരുതിയിരുന്നില്ല. താൻ ദൈവത്തിൽ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നയാണ്. വികാരം വ്രണപ്പെട്ടവരോട് ആത്മാർഥമായി ക്ഷമചോദിക്കുന്നുവെന്നും താരം കുറിച്ചു.

പാചകമൽസരത്തിൽ പങ്കെടുക്കുന്ന നയൻതാരയുടെ കഥാപാത്രത്തെ ഇറച്ചി മുറിക്കാൻ പ്രേരിപ്പിക്കുന്നതിന് രാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്നു പറയുന്ന രം​ഗവും ഹിന്ദുത്വരുടെ പ്രതിഷേധത്തിന് കാരണമായി. ബിരിയാണി വയ്ക്കുന്നതിനു മുമ്പ് നിസ്കരിക്കുന്ന രം​ഗവും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. തന്നെ ബിരിയാണി വയ്ക്കാൻ പഠിപ്പിച്ചവർ മുസ് ലിംകളാണെന്നും അവർ ബിരിയാണി വയ്ക്കുന്നതിന് മുമ്പ് നിസ്കരിച്ചിരുന്നുവെന്നും താനും അത് അനുകരിക്കുക മാത്രമാണ് ചെയ്തതെന്നും നയൻതാരയുടെ കഥാപാത്രം മൽസരത്തിലെ വിധികർത്താക്കളോടു വിശദീകരിക്കുന്നുണ്ട്.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ സ്ഥാപിക്കുന്ന സാഹചര്യത്തിൽ രാമനും സീതയും മാംസാഹാരം ഭക്ഷിച്ചിരുന്നുവെന്നു പറയുന്ന അന്നപൂരണി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നതും ഹിന്ദുത്വരുടെ എതിർപ്പിന് ആക്കം കൂട്ടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം നെറ്റ് ഫ്ളിക്സ് പിൻവലിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക