27
Jul 2024
Mon
27 Jul 2024 Mon
NEET ug result

ഡല്‍ഹി: ഗ്രേസ് മാര്‍ക്ക് വിവാദത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. (NEET 2024 News Live: Re-exam result announced on exams.nta.ac.in, details here) പുതിയ ഫല പ്രകാരം ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 718, 719 എന്നിങ്ങനെ മാര്‍ക്ക് ലഭിച്ചതിനെതിരെയാണ് പരാതിയുയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. എന്നാല്‍ 813 വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.

നീറ്റ് പരീക്ഷയില്‍ 180 ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഉത്തരമെഴുതേണ്ടത്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയാല്‍ പരമാവധി 720 മാര്‍ക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറയും.716 മാര്‍ക്ക് ലഭിക്കും. ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്ക് കൂടി കിഴിച്ച് 715 മാര്‍ക്കാണ് ലഭിക്കുക. എന്നാല്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 718 ഉം 719 ഉം മാര്‍ക്ക് ലഭിച്ചതായി നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി പ്രസിദ്ധീകരിച്ച ഫലത്തിലുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്ന വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രംഗത്തെത്തിയിരുന്നു. പരീക്ഷ എഴുതാന്‍ ആവശ്യമായ സമയം കിട്ടാത്ത കുട്ടികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നായിരുന്നു എന്‍ടിഎയുടെ ന്യായീകരണം.

എന്‍ടിഎ വൈബ്‌സൈറ്റായ nta.ac.in ല്‍ ഫലം ലഭ്യമാണ്. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി കൗണ്‍സലിങ് പ്രക്രിയ ഉടന്‍ ആരംഭിക്കും.

ചോദ്യ ചോര്‍ച്ചയും നീറ്റ് ക്രമക്കേടും ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതിനിടെ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങി. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കഴിഞ്ഞദിവസവും പാര്‍ലമെന്റില്‍ നീറ്റ് വിഷയത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയുന്നു.

അതേസമയം, നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റും പരിശോധനകളും തുടരുകയാണ്. ഗുജറാത്തിലെ ഗോധ്രയിലുള്ള സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമായും ആനന്ദ്, ഖേദ, അഹ്‌മദാബാദ്, ഗോധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.