27
Jun 2024
Thu
27 Jun 2024 Thu
NEET ug question paper leak

പട്‌ന: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജാര്‍ഖണ്ഡില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട് റെയ്ഡ് ചെയ്ത് സിബിഐ. (NEET ug question paper leak: CBI raid Jharkhand school principal home ) ഹസാരിബാഗിലെ ഓയസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.അഖ്‌സനുല്‍ ഹഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ചോദ്യ പേപ്പര്‍ സൂക്ഷിച്ച ഡിജിറ്റല്‍ ലോക്കര്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അധികൃതരെ അറിയിച്ച ശേഷമാണ് പൊട്ടിച്ചതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ചോര്‍ച്ച ചോദ്യ പേപ്പറിന്റെ കോഡ് പരീക്ഷാ കേന്ദ്രമായ ഓയസിസ് സ്‌കൂളിന്റേതാണന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിബിഐ റെയ്ഡിനു മുന്നോടിയായി ബിഹാര്‍ പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചതിനെ കുറിച്ചാണ് പൊലീസ് സംഘം അന്വേഷിച്ചതെന്നു പ്രിന്‍സിപ്പല്‍ വെളിപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടങ്ങുന്ന പെട്ടിയുടെ ഡിജിറ്റല്‍ ലോക്ക് ഒന്നേകാലിനു താനെ തുറക്കേണ്ടതാണ്. സമയം കഴിഞ്ഞിട്ടും പെട്ടി തുറക്കാത്തതിനാല്‍ എന്‍ടിഎ അധികൃതരെ വിവരം അറിയിച്ചിരുന്നു. ഡിജിറ്റല്‍ ലോക്ക് കേടായതിനാല്‍ പൂട്ടു പൊളിച്ചു ചോദ്യപേപ്പര്‍ എടുക്കാനായിരുന്നു നിര്‍ദേശം.

അതനുസരിച്ചാണ് ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചതെന്നു പ്രിന്‍സിപ്പല്‍ പൊലീസിനും സിബിഐക്കും മൊഴി നല്‍കി. ഹസാരിബാഗ് ജില്ലയിലെ അഞ്ചു പരീക്ഷാ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ലോക്ക് സമയത്തിനു തനിയെ തുറക്കാത്ത പ്രശ്‌നമുണ്ടായെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അഞ്ചിടത്തും ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചാണു ചോദ്യപേപ്പര്‍ പുറത്തെടുത്തത്. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചു സാക്ഷികള്‍ക്കു മുന്നിലാണ് പെട്ടി തുറന്നതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ചോദ്യ പേപ്പര്‍ സ്‌കൂളിലെത്തിച്ചതു മുതല്‍ പൊട്ടിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ വളരെ സുതാര്യമായാണ് ചെയ്തതെന്നും അതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

കേസില്‍ പട്‌നയില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന ബല്‍ദേവ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെ സിബിഐ പ്രത്യേക കോടതി 3 ദിവസത്തേക്ക് സിബിഐ റിമാന്‍ഡില്‍ വിട്ടു.