24
Apr 2025
Tue
24 Apr 2025 Tue
Kuwait traffic law

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നു മുതല്‍ പുതിയ ഗതാഗത നിയമം. (New traffic law in Kuwait from today) 48 വര്‍ഷം പഴക്കമുള്ള ഗതാഗത നിയമമാണ് ഇതോടെ പഴങ്കഥയാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുക്കിയ ഗതാഗത നിയമങ്ങള്‍ അനുസരിച്ച് വാഹന ലൈസന്‍സുകള്‍, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ എന്നിവയില്‍ വലിയ മാറ്റങ്ങളുണ്ട്. വാഹനത്തില്‍ അമിത ശബ്ദം ഉണ്ടാക്കല്‍, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടല്‍, റോഡില്‍ വാഹനം ഉപേക്ഷിക്കല്‍ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കും.

ലൈസന്‍സ് ലഭിച്ച് ആദ്യ വര്‍ഷത്തിനുള്ളില്‍ രണ്ട് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവും 150 മുതല്‍ 300 ദിനാര്‍ വരെ പിഴയും ചുമത്തും.

വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മൂന്ന് മാസം തടവും 150 ദിനാര്‍ പിഴയും ലഭിക്കും. അശ്രദ്ധമായോ നിയന്ത്രണമില്ലാതെയോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും 3,000 ദിനാര്‍ വരെ പിഴയും ചുമത്തും.

ALSO READ:  പോപുലര്‍ ഫ്രണ്ട് നേതാവിന്റെ പരോള്‍ അപേക്ഷയില്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഹൈക്കോടതി

ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദിനാര്‍ വരെ പിഴയും ലഭിക്കും. നടപ്പാതയില്‍ വാഹനം ഓടിച്ചാല്‍ ഒരു മാസം തടവും 100 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.

ആവശ്യമായ ലൈറ്റുകള്‍ ഓണാക്കാതെ വാഹനം ഓടിച്ചാല്‍ 45 മുതല്‍ 75 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പൊലീസ്, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ഔദ്യോഗിക വാഹനവ്യൂഹങ്ങള്‍ എന്നിവക്ക് വഴിമാറാതിരിക്കുന്നതും പിന്തുടരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

റേസിങിനും സാഹസികതയ്ക്കും വിലക്ക്

നിയമവിരുദ്ധ റേസിംഗിനും അപകടകരമായ ഡ്രൈവിംഗിനും 150 ദിനാര്‍ പിഴ നല്‍കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പെര്‍മിറ്റ് ഇല്ലാതെ പൊതു റോഡുകളില്‍ മോട്ടോര്‍ വാഹന റേസുകള്‍ നടത്തുന്നവര്‍, പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍, അശ്രദ്ധമായി വാഹനങ്ങളില്‍ ഒത്തുചേരുന്നവര്‍ – മറ്റുള്ളവരെയും സ്വന്തത്തെ തന്നെയും അപകടത്തിലാക്കുന്നവര്‍- എന്നിവര്‍ക്ക് സെറ്റില്‍മെന്റ് ഓര്‍ഡര്‍ പ്രകാരം 150 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, കേസ് കോടതിയിലേക്ക് റഫര്‍ ചെയ്താല്‍, ഒരു വര്‍ഷം മുതല്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവ്, 600 മുതല്‍ 1,000 ദിനാര്‍ വരെ പിഴ അല്ലെങ്കില്‍ രണ്ട് ശിക്ഷയും നേരിടേണ്ടി വന്നേക്കും.

മൊബൈല്‍ വേണ്ട

MOBILE WHILE DRIVING
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണോ കൈയില്‍ പിടിക്കുന്ന മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിക്കുക, അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുകയോ ചെയ്താല്‍ 75 കുവൈത്ത് ദിനാറാണ് സെറ്റില്‍മെന്റ് ഓര്‍ഡര്‍.

കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടാല്‍, മൂന്നു മാസത്തില്‍ കൂടാത്ത തടവും 150 ദിനാറില്‍ കുറയാത്തതും 300 ദിനാറില്‍ കൂടാത്തതുമായ പിഴയും അല്ലെങ്കില്‍ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും.

സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ 30 ദിനാര്‍ പിഴ
വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 30 കുവൈത്ത് ദിനാറാണ് സെറ്റില്‍മെന്റ് ഓര്‍ഡര്‍. കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടാല്‍ ഒരു മാസത്തില്‍ കൂടാത്ത തടവും 50 ദിനാറില്‍ കുറയാത്തതും 100 ദിനാറില്‍ കൂടാത്തതുമായ പിഴയും അല്ലെങ്കില്‍ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും.

പുതിയ ട്രാഫിക് നിയമത്തെക്കുറിച്ച് അവബോധം നല്‍കാനായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിപുല പ്രചാരണം നടത്തിയിരുന്നു. ഒന്നിലധികം ഭാഷകളില്‍ ബ്രോഷറുകള്‍ പ്രസിദ്ധീകരിച്ചു.

ഇന്ന് മുതല്‍ 12 കുറ്റകൃത്യങ്ങള്‍ക്ക് വാറന്റില്ലാതെ പിടിവീഴും!

മദ്യപിച്ചോ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കല്‍
വാഹനാപകടത്തില്‍ പരിക്കോ മരണമോ സംഭവിക്കല്‍
അനുമതിയില്ലാതെ റോഡുകളില്‍ മോട്ടോര്‍ വാഹന റേസില്‍ പങ്കെടുക്കല്‍
അപകടം വരുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുക
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗപരിധി ലംഘിക്കല്‍
അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ബഗ്ഗികള്‍ ഓടിക്കല്‍
ചുവപ്പ് സിഗ്‌നല്‍ മറികടക്കുക
അനുവദനീയമല്ലാത്ത ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കല്‍
അനുമതിയില്ലാതെ പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോവുക
അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുക
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക
നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക

1,109 പുതിയ കാമറകള്‍; ഒരുക്കം പൂര്‍ണം

KUWAIT TRAFFIC CAMERA

പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിനായുള്ള ഒരുക്കം ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു. ഗതാഗത ലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ 1,109 പുതിയ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മുന്നിലെ സീറ്റില്‍ കുട്ടികളെ ഇരുത്തല്‍, അമിതവേഗത, റെഡ് സിഗ്നല്‍ ലംഘനം എന്നിവ ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ പുതിയ കാമറകള്‍ വഴി നിരീക്ഷിക്കും. ഇതില്‍ 413 നിരീക്ഷണ കാമറകള്‍ തെരുവുകളിലെ ഗതാഗത നിയന്ത്രണത്തിനും 421 ഫിക്സഡ് ട്രാഫിക് കാമറകള്‍ അമിതവേഗത നിരീക്ഷിക്കാനും 252 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രവര്‍ത്തിക്കും.

സ്ഥിരം നിയമലംഘകര്‍ കോടതി കയറേണ്ടിവരും

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതോടെ സ്ഥിരം ഗതാഗത നിയമലംഘകര്‍ കോടതി കയറേണ്ടിവരും. സാധാരണ ഗതിയിലുള്ള പിഴകള്‍ ജനറല്‍ ട്രാഫിക് വകുപ്പ് സ്വീകരിക്കുമെന്നും എന്നാല്‍ നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിയമലംഘകരെ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും ജനറല്‍ ട്രാഫിക് വകുപ്പിലെ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ അറിയിച്ചു.

കോടതിയിലേക്ക് റഫര്‍ ചെയ്യുന്ന ഗുരുതര ലംഘനങ്ങള്‍ക്ക് 600 ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയും ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്നും ബ്രിഗേഡിയര്‍ അല്‍സുബ്ഹാന്‍ വിശദീകരിച്ചു. കോടതിയിലെത്തിയാല്‍ പിഴ കൂടുമെന്നും പറഞ്ഞു.