ലഖ്നൗ: വിവാഹത്തിന്റെ പിറ്റേന്ന് നവദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗോദിയ ഗ്രാമത്തിലാണ് സംഭവം. പ്രതാപ് യാദവ് (24), പുഷ്പ യാദവ് (22) എന്നിവരാണ് മരിച്ചത്. നവദമ്പതികളായ ഇരുവരും ഒരേ സമയം മരിച്ചതെങ്ങനെ എന്നാണ് ഉയരുന്നത് ചോദ്യം.
|
എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എങ്കിലും ഒരേസമയം ഇരുവർക്കും എങ്ങനെ ഹൃദയാഘാതം വന്നുവെന്ന ചോദ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് നവ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം, ഇരുവരുടേയും മൃതദേഹങ്ങൾ വിശദമായ പരിശോധനകൾക്കായി സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ഇരുവരും ഉറങ്ങിയ മുറിയിൽ കൃത്യമായ വെന്റിലേഷൻ ഇല്ലായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും ലോക്കൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. ചടങ്ങുകൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ടാണ് ഇരുവരും വരന്റെ വീട്ടിലെത്തിയത്. തുടർന്ന് കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ സമീപത്തെ മുറികളിലും കിടന്നുറങ്ങി.
ഉച്ചയായിട്ടും പ്രതാപും പുഷ്പയും പുറത്തു വരാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോൾ ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, കിടപ്പുമുറിയിലേക്ക് ആരും അതിക്രമിച്ച് കടന്നതിന് തെളിവുകളില്ല. ഇരുവരുടേയും ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു.





