യുദ്ധത്തിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇറാന്‍. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് ദോഹ.
|
ഈ വര്‍ഷം ആദ്യം നടന്ന ഏറ്റുമുട്ടലിനിടെ വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ഇറാനിയന്‍ പൈലറ്റുമാരെ രഹസ്യ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന ടെഹ്റാന്റെ അവകാശവാദങ്ങള്‍ ഖത്തര്‍ തള്ളി.
ഇറാനിയന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള ‘തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍’ ആശ്ചര്യം പ്രകടിപ്പിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ്, ജീവനോടെയുള്ള വിമാന ജീവനക്കാരെയാരെയും ഖത്തരി സേന തടങ്കലില്‍ വച്ചിട്ടില്ലെന്ന് ശനിയാഴ്ച വീണ്ടും വ്യക്തമാക്കി.
‘ഇറാനിയന്‍ പൈലറ്റുമാരെ തടങ്കലില്‍ വച്ചിരിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളും മുന്‍കൈകളും തുടരുന്ന ഈ ഘട്ടത്തില്‍, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ വന്നതില്‍ അത്ഭുതപ്പെടുന്നു,’ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍-അന്‍സാരി എക്‌സില്‍ കുറിച്ചു.
വ്യോമസേനാംഗങ്ങളെ മോചിപ്പിക്കണമെന്ന് ടെഹ്റാന്‍ പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാര്‍ച്ച് മാസത്തില്‍ സുഖോയ്-24 (Su-24) യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ജവാദ് സലേഹി, അബ്ദുല്‍ മജീദ് ദഷ്തിയന്‍, ഒമ്രാന്‍ ബഹ്റാവെഷ്യാന്‍ എന്നീ മൂന്ന് പൈലറ്റുമാരെ ജീവനോടെ പിടികൂടിയതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസിന് അയച്ച കത്തില്‍ ഇറാന്‍ സായുധ സേനയിലെ ജനറല്‍ മുഹമ്മദ് ബാഗര്‍സാദെ വ്യക്തമാക്കിയതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: നഗ്നനായി ഫാമിലെത്തി പശുക്കളെ പീഡിപ്പിച്ച ആറടി ഉയരമുള്ള അജ്ഞാതനെ പോലീസ് തിരയുന്നു
കുടുംബാംഗങ്ങളെയോ നയതന്ത്ര പ്രതിനിധികളെയോ കാണാന്‍ അനുവദിക്കാതെ പൈലറ്റുമാരെ ആറ് മാസമായി പുറംലോകവുമായി ബന്ധമില്ലാതെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ബാഗര്‍സാദെ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര മാനുഷിക ഇടപെടല്‍ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഖത്തറിലേക്കുള്ള ദൗത്യത്തിന് ശേഷം ഒരു പൈലറ്റ് കൊല്ലപ്പെടുകയും മറ്റുള്ളവരെ കാണാതാവുകയും ചെയ്തതായി ഇറാന്‍ മുന്‍പ് സമ്മതിച്ചിരുന്നെങ്കിലും, ഇവരെ പിടികൂടിയെന്ന വിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല.
മാര്‍ച്ചില്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി അനുമതിയില്ലാതെ ലംഘിച്ചതിനെ തുടര്‍ന്ന് ഇറാന്റെ വിമാനങ്ങളുമായി ഖത്തറി വ്യോമസേന ബന്ധപ്പെട്ടിരുന്നുവെന്ന് ദോഹ സ്ഥിരീകരിച്ചു. മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഖത്തറി സേന തിരിച്ചടിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മജീദ് കാസിമി എന്ന പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയും, ഭൗതികശരീരം കൈമാറുന്നതിനായി ഇറാനിയന്‍ അധികൃതരുമായി ഏകോപനം നടത്തുകയും ചെയ്തു.
‘അന്താരാഷ്ട്ര മാനുഷിക നിയമ തത്ത്വങ്ങള്‍ അനുസരിച്ച്, കണ്ടെത്തിയ ഒരു പൈലറ്റിന്റെ ഭൗതികശരീരം കൈമാറുന്നത് ഏകോപിപ്പിക്കുന്നതിനായി ഖത്തര്‍ ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നു,’ അല്‍-അന്‍സാരി ശനിയാഴ്ച പറഞ്ഞു. ‘ഏപ്രില്‍ മാസത്തില്‍ നടന്ന തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതിനായി ഒരു ഇറാനിയന്‍ സംഘത്തെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കിലും, ആ ക്ഷണത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.’
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഉദ്യോഗസ്ഥരുള്ള മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ ഖത്തറിലെ അല്‍ ഉദൈദ് (Al Udeid) എയര്‍ബേസിന് നേര്‍ക്കുണ്ടായ ആക്രമണത്തിനിടയിലാണ് ഈ സൈനിക ഏറ്റുമുട്ടല്‍ നടന്നത്. മാര്‍ച്ച് ആദ്യം രണ്ട് ഇറാനിയന്‍ സുഖോയ്-24 ബോംബറുകള്‍ വെടിവെച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഒരു ഗള്‍ഫ് രാജ്യം ഇറാനിയന്‍ വിമാനം വെടിവെച്ചിടുന്നത് ഇതാദ്യമാണ്.
ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചതിനെത്തുടര്‍ന്ന് ഗള്‍ഫിലുടനീളം ഉണ്ടായ തിരിച്ചടികളുടെ ഭാഗമായിരുന്നു ഈ ഇടപെടല്‍. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ പ്രധാന പോരാട്ടങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും, ജൂണില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇത് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുകള്‍ക്കും മേഖലാ കപ്പല്‍ ഗതാഗതത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള പുതിയ ആക്രമണങ്ങള്‍ക്കും കാരണമായി.
ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനായി ശ്രമിക്കുന്ന പ്രധാന മധ്യസ്ഥനായി ഖത്തര്‍ സജീവമായി തുടരുന്നു.
വിശാലമായ സമാധാന ശ്രമങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ നയതന്ത്ര അസ്വസ്ഥതകള്‍. ജൂണ്‍ പകുതിയോടെ ഒപ്പിട്ട ധാരണാപത്ര പ്രകാരം നിശ്ചയിച്ചിരുന്ന 60 ദിവസത്തെ ചര്‍ച്ചാ കാലാവധി തിങ്കളാഴ്ച അവസാനിക്കും. നേരിട്ടുള്ള ചര്‍ച്ചകള്‍ കുറവായതിനാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വളരെ കുറഞ്ഞ അളവിലാണ് നടക്കുന്നത്.
വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ‘വന്‍ പരാജയയത്തിലേക്ക്് നീങ്ങുകയാണെന്ന്’ പ്രസ്താവിക്കുകയും വൈകാതെ തന്നെ ‘ഹോര്‍മുസ് കടലിടുക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രദേശമായി പ്രഖ്യാപിക്കും’ എന്ന് സൂചിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ശനിയാഴ്ച ടെഹ്റാന്‍ ഈ പരാമര്‍ശങ്ങള്‍ തള്ളി. തന്ത്രപ്രധാനമായ ഈ ജലപാത ‘ഒരു ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ പിടിച്ചെടുക്കാന്‍ കഴിയില്ല’ എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി എക്‌സില്‍ കുറിച്ചു. പരാജയത്തിന്റെ യാഥാര്‍ത്ഥ്യം വാഷിംഗ്ടണ്‍ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Tags: Qatar Iran News, Iranian Pilots, Qatar Foreign Ministry, Majed al Ansari, Al Udeid Airbase, Su-24 Bomber, Strait of Hormuz, US Iran Conflict, Gulf News Malayalam, International News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





