ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിനും അതിന്റെ എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്കും എതിരേ ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്ന് എഡിറ്റോറിയല്‍ ടീം. ന്യൂസ് ക്ലിക്കിനോ പ്രബീറിനോ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമില്ല. ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും ന്യൂസ് ക്ലിക്ക് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി പോലീസ് കുറ്റപത്രത്തെ അടിസ്ഥാനമാക്കി വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ന്യൂസ് ക്ലിക്ക്. ( NewsClick Rejects Absurd, Baseless Allegations in Delhi Police Chargesheet )
|
പൊതുജനാഭിപ്രായത്തെയും നിയമ നടപടികളെയും സ്വാധീനിക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള റിപോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം. സിപിഐഎം പാര്‍ട്ടിയുമായി പ്രബീറിന്റെ ദീര്‍ഘകാല ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം സാമ്പത്തികമായോ അല്ലാതെയോ മാവോവാദികള്‍, ലശ്ക്‌റെ ത്വയ്യിബ തുടങ്ങിയ ഗ്രൂപ്പുകളെ ഒരിക്കലും സഹായിച്ചിട്ടില്ല.
മറ്റ് പല മാധ്യമങ്ങളെയും പോലും ന്യൂസ്‌ക്ലിക്കും സിഎഎ പ്രക്ഷോഭത്തെക്കുറിച്ചും കര്‍ഷക സമരത്തെക്കുറിച്ചുമൊക്കെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രക്ഷോഭകര്‍ക്ക് പണം നല്‍കുകയോ സമരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്തുവെന്ന ആരോപണത്തില്‍ കഴമ്പില്ല
ന്യൂസ് ക്ലിക്കിന്റെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡല്‍ഹി പോലീസിന്റെയും മറ്റു ഏജന്‍സികളുടെയും അന്വേഷണം. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതും പ്രതിഷേധങ്ങള്‍ റിപോര്‍ട്ട് ചെയ്യ്ുന്നതും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുയാണെന്നും ന്യൂസ് ക്ലിക്ക് വിമര്‍ശിച്ചു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങളെ കോടതിയില്‍ നേരിടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.





