നിലമ്പൂര്‍ സീറ്റിന് വേണ്ടി വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും പിടിമുറുക്കിയതോടെ കടുത്ത പ്രതിസന്ധിയിലായി കോണ്‍ഗ്രസ് നേതൃത്വം.(Nilambur: Will K Muraleedharan or Noushad Ali contest?) ജോയിക്കു വേണ്ടി മണ്ഡലത്തിലെ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ചരട് വലിക്കുമ്പോള്‍ ഒരു തരത്തിലും പിന്മാറാന്‍ തയ്യാറല്ലെന്ന നിലപാടിലാണ ഷൗക്കത്ത്.
ഇതോടെ ഇരുവരേയും ഒഴിവാക്കി മൂന്നാമനെ പരിഗണിക്കാനുളള ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്.
|
എംഎല്‍എ സ്ഥാനം രാജിവച്ച വേളയില്‍ തന്നെ നിലമ്പൂരില്‍ വിഎസ് ജോയിയുടെ പേരായിരുന്നു പിവി അന്‍വര്‍ മുന്നോട്ട് വെച്ചത്. അദ്ദേഹം അല്ലാതെ മറ്റൊരാളെ മത്സരിപ്പിച്ചാല്‍ യുഡിഎഫ് മണ്ഡലത്തില്‍ കനത്ത പരാജയം രുചിക്കുമെന്ന പരോക്ഷ ഭീഷണിയും അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. അന്‍വറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഷൗക്കത്ത് നേരിട്ട് സന്ദര്‍ശിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുന്നതിനോട് കോണ്‍ഗസിലേയും ലീഗിലേയും പലര്‍ക്കും താല്‍പ്പര്യമില്ല. മാത്രമല്ല വിഎസ് ജോയിക്ക് അനൂകൂല തരംഗം മണ്ഡലത്തില്‍ ഉണ്ടെന്നും നേതാക്കള്‍ കരുതുന്നുണ്ട്.
ALSO READ: സര്‍ സയ്യിദ് കോളേജ് വഖഫ് ഭൂമിയില്‍ തന്നെ; നിലപാട് തിരുത്തി ലീഗ് നേതൃത്വം
സമസ്ത എപി വിഭാഗം നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജോയ്. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ ഇടപെടുന്നതാണ് ഈ നേതാക്കളെ ചൊടിപ്പിക്കുന്നത്.
അതിനിടെ ലീഗ് നേതാവായ പിവി അബ്ദുള്‍ വഹാബ് അന്‍വറിനെതിരെ തുറന്നടിച്ച് രംഗത്തെത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന് പ്രസക്തിയില്ലെന്നും അന്‍വര്‍ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നുമാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അന്‍വറല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതെന്നും കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ആര് നിന്നാലും ലീഗ് പിന്തുണയ്ക്കുമെന്നു അദ്ദേഹം പറഞ്ഞു.
ഈ കുരുക്ക് എങ്ങിനെ അഴിക്കുമെന്നറിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. അന്‍വറിനെ തഴഞ്ഞ് ഷൗക്കത്തിനെ പരിഗണിച്ചാല്‍ അന്‍വര്‍ യുഡിഎഫിനെതിരെ തിരിയും. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള അന്‍വറിനെ ചൊടിപ്പിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇനി അന്‍വറിന്റെ ആവശ്യം അംഗീകരിച്ചാല്‍ അദ്ദേഹത്തിന് നേതൃത്വം കീഴ്‌പ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കും.
വീണ് കിട്ടിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന അവസരം കളഞ്ഞ് കുളിക്കരുതെന്ന നിര്‍ബന്ധവും കോണ്‍ഗ്രസിനുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് യു ഡി എഫ് തേടുന്നത്.
ഈ സാഹചര്യത്തിലാണ് വിഎസ് ജോയിയും ഷൗക്കത്തും അല്ലാതെ മൂന്നാമതൊരു പേര് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഎസ് ജോയിയെ പോലെ തന്നെ മണ്ഡലത്തില്‍ സ്വീകാര്യതയുള്ള നേതാവാണ് നൗഷാദലി. സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് കെ മുരളീധരന്റെ പേരും പരിഗണനയില്‍ ഉണ്ട്.


