24
Apr 2025
Mon
24 Apr 2025 Mon
sir syed college Taliparamba

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വഖഫ് ഭൂമിയിലല്ല എന്ന മുന്‍ നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ട്രസ്റ്റ്. വിഷയം സംഘപരിവാരം ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം വിദ്യാഭ്യാസ അസോസിയേഷന്‍ നിലപാട് (സിഡിഎംഇ) തിരുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ 25 ഏക്കര്‍ ഭൂമി കോളജ് നടത്തിപ്പിനായി സിഡിഎംഇ ട്രസ്റ്റിന് പാട്ടത്തിന് നല്‍കിയതായിരുന്നു. എന്നാല്‍, ഭൂമി സ്വന്തമാക്കുന്നതിന് വേണ്ടി ഇത് വഖഫ്‌സ്വത്തല്ലെന്നും നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ വാദിച്ചത്.

മുസ്ലിംലീഗിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമൂദ് നിയന്ത്രിക്കുന്ന CDMEA യുടെ പ്രസിഡന്റ് അഡ്വക്കറ്റ് മഹമൂദ് ആണ് കേരള ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് റിട്ട ഹരജി ഫയല്‍ ചെയ്തത്.

ഇപ്പോഴത്തെ സര്‍സയ്യിദ് കോളേജ് നില്‍ക്കുന്ന 25 ഏക്കര്‍ ഭൂമിക്കു പുറമെ, 2 ഏക്കര്‍ ഭൂമികൂടി, ജമാഅത്ത് പള്ളിയില്‍ നിന്നു ലീസിന് വാങ്ങി ഹോസ്റ്റല്‍ കെട്ടിടമുണ്ടാക്കിയിരുന്നു.

ALSO READ: ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

നാല് കൊല്ലം മുമ്പേ, ഈ 2 ഏക്കര്‍ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റെതാണെന്നു വഖ്ഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും ഇതേ ട്രസ്റ്റ് രേഖാ മൂലം വാദിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയും പള്ളിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് കോളജ് ഭൂമിയും ഇല്ലത്തിന്റേതാണെന്ന് കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് വിഷയം ഏറ്റെടുത്ത് സംഘപരിവാരം രംഗത്തെത്തി. നരിക്കോട്ട് ഇല്ലത്തിന്റെ പുതിയ തലമുറയില്‍പ്പെട്ട ചിലര്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു. വഖഫ് വിഷയത്തില്‍ സംഘപരിവാരത്തിന് പുതിയ വടികൊടുക്കുകയാണ് ലീഗെന്ന് അക്ഷേപമുയര്‍ന്നതോടെയാണ് ട്രസ്റ്റ് നിലപാട് തിരുത്തിയത്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചില പിഴവുകള്‍സംഭവിച്ചു എന്നാണ് കണ്ണൂരിലെ ലീഗിന്റെ ജില്ലാ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. കോളേജ് ഭൂമിയുടെ തണ്ടപ്പേര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് വിവാദത്തിനാധാരം എന്നാണ് ഇപ്പോള്‍ നേതാക്കള്‍ വിശദീകരിക്കുന്നത്.

വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ലീഗ് നേതാക്കളുടെ ശ്രമത്തിനെതിരേ പ്രദേശത്തെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. നേതാക്കളെ വിമര്‍ശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം പ്രദേശിക ലീഗ് നേതാവ് അഡ്വ. എസ് മമ്മു ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തെഴുതിയിരുന്നു. വഖഫ് ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ കേസ് നടത്തുന്ന ലീഗ് പ്രവര്‍ത്തകര്‍ നേരത്തേ ഈ വിഷയം ബോധ്യപ്പെടുത്താന്‍ പാണക്കാട് തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചെങ്കിലും തങ്ങള്‍ ആ കത്ത് കൈപ്പറ്റാതെ തിരിച്ചയച്ചുവെന്ന് ഈ കത്തില്‍ ആരോപിക്കുന്നുണ്ട്.