25
Nov 2024
Mon
25 Nov 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. കിനാനൂര്‍ സ്വദേശി രതീശ്, നീലേശ്വരം സ്വദേശി ബിജു എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് വൻ ദുരന്തം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് ആണ് പരിക്കേറ്റത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് ആളുകൾ ആണ് തെയ്യം കാണാന്‍ കൂടിനിന്നിരുന്നത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി. ഭരതന്‍, പടക്കംപൊട്ടിച്ച പി. രാജേഷ് എന്നിവർ ഉൾപ്പെടെ അറസ്റ്റിലാണ്.

nileshwar temple fire tragedy one more died