മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഏഴ് കുട്ടികളും 42കാരിയായ സ്ത്രീയുമടക്കമുള്ളവരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഏഴു പേരെ രക്ഷപെടുത്തി.
|
35 ഓളം യാത്രികരുമായ പോയ വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.
അവധി ദിവസമായതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.
താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തിരൂരിലേയും താനൂരിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ചര വരെയാണ് ബോട്ട് സര്‍വീസ് നടത്താന്‍ അനുമതിയുള്ളതെങ്കിലും ഞായറാഴ്ചയായതിനാല്‍ കുടുംബങ്ങള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കുണ്ടായിരുന്നു. അതിനാലാണ് വൈകിയ നേരത്തും ബോട്ട് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ ഒരു ഭാഗത്തേക്ക് യാത്രികര്‍ നീങ്ങിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.





