ജോലി സമ്മർദ്ദം മൂലം 45 ദിവസമായി ഉറങ്ങാൻ പോലുമാവാത്തതിനെ തുടർന്ന് ബജാജ് ഫിനാൻസ് ജീവനക്കാരൻ ജീവനൊടുക്കി. 42കാരനായ തരുൺ സക്സേനയാണ് സ്വയം ജീവനെടുത്തത്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബജാജ് ഫിനാൻസിലെ ഏരിയാ മാനേജരായിരുന്നു തരുൺ സക്സേന. മേലുദ്യോഗസ്ഥർ നൽകിയിരുന്ന ടാർഗറ്റ് കൈവരിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്ന ഭീഷണി ലഭിച്ചിരുന്നതായി ആത്മഹത്യാകുറിപ്പിൽ തരുൺ വ്യക്തമാക്കി. ഭാര്യയെയും രണ്ടുമക്കളെയും അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷമാണ് തരുൺ ജീവനൊടുക്കിയത്. തിങ്കൾ രാവിലെ വീട്ടുജോലിക്കാരിയാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്.
|
ബജാജ് ഫിനാൻസ് നൽകുന്ന ഇഎംഐകളുടെയും വായ്പകളുടെയും കുടിശ്ശിക സ്വരൂപിക്കുന്ന ജോലിയായിരുന്നു തരുണിനുണ്ടായിരുന്നത്. ടാർഗറ്റ് കൈവരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഫലം കാണുന്നില്ലെന്നും മേലുദ്യോഗസ്ഥർ സ്ഥിരമായി അവഹേളിക്കുകയാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ജോലി നഷ്ടമാകുമെന്ന ഭയമുണ്ടെന്നും ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്നും കുറിച്ച തരുൺ തനിക്ക് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടെന്നും താൻ പോവുകയാണെന്നും ഭാര്യയെ അഭിസംബോധന ചെയ്യുന്ന ആത്മഹത്യാകുറിപ്പിൽ തരുൺ എഴുതി.
മക്കളുടെ സ്കൂൾ ഫീസ് ഈ വർഷത്തെ മുഴുവനായി അടച്ചിട്ടുണ്ടെന്നും യുവാവ് കുറിച്ചു. മാതാപിതാക്കളോട് ക്ഷമചോദിച്ച തരുൺ വീടിന്റെ രണ്ടാം നിലയുടെ പണി പൂർത്തീകരിക്കണമെന്നും എങ്കിലും തന്റെ കുടുംബത്തിന് സുഖമായി ജീവിക്കാൻ കഴിയും എന്നും അവരോടു പറയുന്നു. മക്കളോട് നന്നായി പഠിക്കണമെന്നും അമ്മയെ നോക്കണമെന്നും ഉപദേശിക്കുന്നുണ്ട്. തന്നെ ജോലി സമ്മർദ്ദത്തിലാക്കിയ സീനിയർ മാനേജർമാരുടെ പേര് ആത്മഹത്യാകുറിപ്പിൽ എഴുതിയ തരുൺ ഇവർക്കെതിരേ പോലീസിൽ പരാതി നൽകണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുന്നുമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





