ന്യൂഡല്‍ഹി: നിര്‍ണായക മാറ്റങ്ങളോട് കൂടിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. (Non-Muslims and Women on Waqf Board; Amendment bill to parliament) വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അടക്കം നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച രാത്രി ലോക്‌സഭാംഗങ്ങള്‍ക്കിടയില്‍ ബില്ലിന്റെ പകര്‍പ്പ് വിതരണം ചെയ്തു.
|
അമുസ്ലിംകളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വഖഫ് നിയമഭേദഗതി ബില്ലിലുണ്ട്. ബില്‍ പാസായാല്‍ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളത്.
പുതിയ ബോര്‍ഡില്‍ കേന്ദ്ര മന്ത്രി, മൂന്ന് എംപിമാര്‍, മുസ്ലിം സംഘടനകളുടെ മൂന്ന് പ്രതിനിധികള്‍, മൂന്ന് മുസ്ലിം നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. രണ്ട് മുന്‍ ജഡ്ജിമാര്‍, ദേശീയ തലത്തില്‍ അറിയപ്പെടുന്ന നാല് പ്രമുഖര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ബോര്‍ഡിന്റെ ഭാഗമാവും. എംപിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുസ്ലിം ആവണമെന്ന നിബന്ധനയില്ലാത്തതിനാല്‍ ഇനി മുതല്‍ അമുസ്ലിംകളും വഖഫ് ബോര്‍ഡില്‍ അംഗമാവും. അംഗങ്ങളില്‍ രണ്ടു പേര്‍ വനിതകളായിരിക്കണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികള്‍ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഭേദഗതികള്‍
* ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരംനല്‍കുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കി
* അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവില്‍ മുസ്ലിം ഇതരര്‍ക്കും വഖഫ് നല്‍കാം
* രേഖാമൂലമുള്ള കരാര്‍ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവില്‍ ഡീഡ് വഴിയോ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു
* വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി
* വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം
* കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉള്‍പ്പെടുത്തും
* വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും
* മക്കളുടെപേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല
* സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല
* ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍
* ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
* വഖഫ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം
എതിര്‍പ്പുമായി പ്രതിപക്ഷം
വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ഹരിയാന, ജാര്‍ഖണ്ഡ്, കശ്മീര്‍ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചാണ് ഈ ബില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുസ്ലിം ലീഗും കോണ്‍ഗ്രസും ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചു. വഖഫ് സ്വത്തിന്റെ അന്തസത്ത തകര്‍ക്കുന്ന ബില്‍ ആണിതെന്ന് ഇ ടി മുഹമ്മദ് എം പി പ്രതികരിച്ചു. വഖഫ് ബില്‍ പാസായി വന്നാല്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമാക്കി മാറ്റാന്‍ കഴിയും. ഏറ്റവും വലിയ കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ തന്നെയാവുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
വഖഫ് ബോര്‍ഡിനെ ദുര്‍ബലമാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് തമിഴ്‌നാട് വഖബ് ബോര്‍ഡ് മേധാവി പ്രതികരിച്ചു. നിയമത്തിലുള്ള ഏതൊരു മാറ്റത്തെയും എതിര്‍ക്കുമെന്ന് ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി.





