
വാഷിങ്ടണ്‍: 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ തേടിയെത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആകാശത്ത് വര്‍ണ വിസ്മയം സൃഷ്ടിക്കുന്ന പ്രതിഭാസം വൈദ്യുതി ബന്ധവും ഉപഗ്രഹ ബന്ധവും തകരാറിലാക്കിയേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ( Northern lights dazzle skygazers as ‘extreme’ solar storm hits Earth)
![]() |
|
വെള്ളിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം രാത്രി 9.30ഓടെയാണ് സൗര കൊടുങ്കാറ്റിന്റെ ആദ്യ പ്രത്യഘാതങ്ങള്‍ ഭൂമിയിലെത്തിയതെന്ന് യുഎസ് നാഷനല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍(നോവ) അറിയിച്ചു.
2003 ഒക്ടോബറിലുണ്ടായ ഹാലോവീന്‍ കൊടുങ്കാറ്റിന് ശേഷമുള്ള ആദ്യ സൗര കൊടുങ്കാറ്റാണിത്. അന്നത്തെ കൊടുങ്കാറ്റില്‍ സ്വീഡനിലും ദക്ഷിണാഫ്രിക്കയിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരുട്ടിലായിരുന്നു. വരും ദിവസങ്ങളിലും സൗര കൊടുങ്കാറ്റിന്റെ പ്രത്യാഘാതമുണ്ടാവുമെന്ന് നോവ മുന്നറിയിപ്പ് നല്‍കി.
ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാന്തിക തരംഗങ്ങള്‍ വൈദ്യുതി ലൈനുകളിലേക്ക് കറന്റിന്റെ പ്രവാഹമുണ്ടാക്കുകയും ഇത് വൈദ്യുതി വിഛേദിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യും. ദീര്‍ഘദൂര പൈപ്പ് ലൈനുകളെയും ഇത് ബാധിക്കും. ശക്തമായ റേഡിയേഷന്‍ ബഹിരാകാശ വാഹനങ്ങളെയും ബാധിച്ചേക്കുമെന്നാണ് റിപോര്‍ട്ട്.