27
Mar 2023
Tue
27 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: വേദിയിൽ ഒരു വനിതക്ക് പോലും സീറ്റ് നൽകാത്തതിനെതിരെ യുഡിഎഫ് വേദിയിൽ പരസ്യപ്രതികരണവുമായി രാഹുൽ ഗാന്ധി. വയനാട് മണ്ഡലത്തിൽപ്പെട്ട മുക്കത്ത് യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വിമർശനം. ഇന്ത്യയുടെ അൻപത് ശതമാനം ജനസംഖ്യ സ്ത്രീകളാണ്. അത്രയില്ലെങ്കിലും പത്ത് ശതമാനമെങ്കിലും സ്ത്രീകൾക്ക് കൊടുക്കണമെന്ന് രാഹുൽ പറഞ്ഞു.

ഭരണഘടനസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിലൂടെ മോദിയും കേന്ദ്ര സർക്കാരുമാണ് രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഒരു സാഹചര്യത്തിലും താൻ മോദിക്കെതിരെ പറയുന്ന കാര്യങ്ങൾ നിർത്തില്ല. പൊലീസ്, ആർഎസ്എസ്, മോദി, എന്നുകേൾക്കുമ്പോൾ ഭയപ്പെടുന്നവർ ഉണ്ടായിരിക്കും. താൻ അക്കൂട്ടത്തിൽപ്പെടില്ല. അതാണ് അവരുടെ പ്രശ്‌നവും. എന്തുകൊണ്ടാണ് താൻ വരെ ഭയപ്പെടാത്തതെന്ന് അവർക്ക് മനസിലാകുന്നില്ല. അതിന്റെ കാരണം ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു. എത്രതവണ പൊലീസ് തന്റെ വീട്ടിൽ വന്നാലും എത്ര കേസുകൾ എടുത്താലും താൻ സത്യം പറയുക തന്നെ ചെയ്യും. ജീവിതം മുഴുവൻ കളളത്തിന്റെ തടവറയിൽ കഴിയുന്നവർക്ക് സത്യത്തിന്റെ മഹത്വം മനസിലാകില്ലെന്ന് രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലായതുകൊണ്ട് കഴിഞ്ഞ അഞ്ച് മാസമായി എനിക്ക് മിസ് ചെയ്തത് ഇവിടെത്തെ ജനങ്ങളെയാണ്. എനിക്ക് നിങ്ങളോടുള്ളത് രാഷ്ട്രീയബന്ധമല്ല. നിങ്ങൾ എന്നെ ഒരു കുടുംബത്തിലെ അംഗമായാണ് കാണുന്നത്. താനും അതേരീതിയിലാണ് നിങ്ങളോട് പെരുമാറേണ്ടത്. എനിക്ക് വൈകാരികമായ വികാരമാണ് നിങ്ങളോടുളളത്.
ഏത് രാഷ്ട്രീയത്തിൽപ്പെട്ടവരാണെന്ന് നോക്കിയല്ല നിങ്ങളോടുള്ള എന്റെ ബന്ധം. ഇടതുപക്ഷ പാർട്ടിയിൽപ്പെട്ട സഹോദരങ്ങളെ കണ്ടാൽ അവരുടെ പ്രത്യയശാസ്ത്രം ശരിയല്ലെന്ന് മനസിലാക്കിക്കാൻ ശ്രമിക്കും. അവർ എന്നെ തിരിച്ചുതിരുത്താനും ശ്രമിക്കും. അതിൽ താൻ സന്തോഷത്തോടെ വിയോജിപ്പ് പ്രകടിപ്പിക്കും. എത്രതന്നെ വിയോജിപ്പുണ്ടായാലും ഞാൻ അവരെ കുടുംബാഗംങ്ങളായി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ രീതിയിലുള്ള സമീപനമാകണം രാജ്യത്തിന്റെ മനോഭാവം.വിയോജിപ്പ് എന്നുപറയുന്നത് പകയുടെ വേദിയാകരുതെന്നും രാഹുൽ പറഞ്ഞു.